മലയാളികളുടെ മനസ്സില്‍ മൊഞ്ചുള്ള മുഹൂര്‍ത്തങ്ങള്‍ കോറിയിട്ട സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ ‘മൈലാഞ്ചി 2022’ എന്ന പേരിലാണ് ഇത്തവണ ടെലിവിഷന്‍ സ്‌ക്രീനില്‍ എത്തുക. പുതിയ സീസണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി മൈലാഞ്ചിയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്.
ആഗസ്റ്റ് പകുതിയോടെ ഓഡിഷന്‍ ആരംഭിക്കാനാണ് മൈലാഞ്ചിയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെയും മിഡില്‍ ഈസ്റ്റിലെയും ലക്ഷക്കണക്കിന് മാപ്പിളപ്പാട്ട് ആരാധകരെ കോരിത്തരിപ്പിച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലൂടെ തന്നെയായിരിക്കും ടെലികാസ്റ്റ് ചെയ്യുക. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഷോയില്‍ പാടാന്‍ അവസരം ലഭിക്കുക.
റിയാലിറ്റി ഷോ സ്‌പെഷ്യലിസ്റ്റും ടെലിവിഷന്‍ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ സര്‍ഗോ വിജയരാജ് ആണ് മൈലാഞ്ചി 2022-ന്റെ അമരക്കാരന്‍. ഒപ്പം മാപ്പിളപ്പാട്ടിനെ ഏറെ ജനകീയമാക്കിയതിലൂടെ തന്റെതായ സ്ഥാനമുറപ്പിച്ച സൂപ്പര്‍ സിംഗറും മൈലാഞ്ചി ചീഫ് ജഡ്ജുമായ കണ്ണൂര്‍ ഷെരീഫും ഒന്നിക്കുന്നു. മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും വന്‍ ഹിറ്റായിരുന്നു.
ഏഷ്യാനെറ്റില്‍ ആരംഭിച്ച മൈലാഞ്ചിയുടെ അവസാന സീസണ്‍ നടന്നത് 2017-ലാണ്. റിയാലിറ്റി ഷോകളുടെ വേറിട്ട കാഴ്ചവിരുന്ന് തന്നെ പ്രേക്ഷകര്‍ക്ക് നല്‍കിയ മൈലാഞ്ചി മാപ്പിളപ്പാട്ട് എന്ന കലയുടെ മലയാളിത്തം ദേശങ്ങള്‍ക്കപ്പുറം എത്തിക്കുക കൂടി ചെയ്തു. ഏഷ്യാനെറ്റ് മൈലാഞ്ചി, സീ കേരളം സരിഗമപ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോകള്‍ നയിച്ച സര്‍ഗോ- കണ്ണൂര്‍ ഷെരീഫ് കോമ്പോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മൈലാഞ്ചി പ്രേക്ഷകര്‍.