കോഴിക്കോട്: ജില്ലയോട് തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, പ്ലസ്‌വണ്‍, ഡിഗ്രി സീറ്റ് വിഷയങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന പ്രക്ഷോഭയാത്ര 27,28 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 27ന് ബുധന്‍ രാവിലെ 8.30ന് ഫറോക്ക് ബസ്‌സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രക്ഷോഭയാത്ര ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി 28ന് കുറ്റ്യാടി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
ഈ വര്‍ഷവും എസ്.എസ്.എല്‍.സി വിജയിച്ച 8579 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പ്ലസ്‌വണ്‍ സീറ്റുകളില്ല. ഡിഗ്രി സീറ്റുകള്‍ 16864 എണ്ണമാണുള്ളത്. സീറ്റ്കുറവ് കാരണം ഉന്നത വിദ്യാഭ്യാസത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. പ്ലസ്‌വണ്‍ അഡ്മിഷന്‍ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ 200ലധികം പുതിയ ബാച്ചുകള്‍ അനുവദിക്കണം. ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിക്കുക, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ സ്ഥലമേറ്റെടുത്ത് പുതിയ യൂണിവേഴ്‌സിറ്റി ആരംഭിക്കുക, ബേപ്പൂര്‍, എലത്തൂര്‍ മണ്ഡലങ്ങളില്‍ പുതിയ ഗവണ്‍മെന്റ് കോളജുകള്‍ അനുവദിക്കുക, കൊടുവള്ളി,നാദാപുരം, കൊയിലാണ്ടി, ബാലുശേരി കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭ യാത്രയുടെ വൈസ് ക്യാപ്റ്റന്‍ ജില്ലാജനറല്‍ സെക്രട്ടറി തബ്ഷീറ സുഹൈലും ജില്ലാ വൈസ്പ്രസിഡന്റുമാരായ റഹിം ചേന്നമംഗല്ലൂര്‍, അഫീഫ് വള്ളില്‍, സെക്രട്ടറിമാരായ ആയിഷ മന്ന, റഹീസ് കുണ്ടുങ്ങള്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുനീബ് എലങ്കമല്‍, റഹീം ചേന്നമംഗല്ലൂര്‍, സജീര്‍ ടി.സി, ആയിഷ പി.പി എന്നിവര്‍ പങ്കെടുത്തു.