ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവ് നീരജ് ചോപ്ര 28ന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന താരം ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയ്ക്ക് നാഭിക്ക് പരുക്കേറ്റിരുന്നു. പരുക്ക് അവസാന റൗണ്ടുകളില്‍ നീരജിന്റെ പ്രകടനത്തെ ബാധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നീരജിന് 20 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ലോക മീറ്റില്‍ വെള്ളി നേടിയത്. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. നിലവിലെ ചാംപ്യന്‍ കൂടിയായ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനാണ് സ്വര്‍ണം നേടിയ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.