നാദാപുരം: കഴിഞ്ഞദിവസം വെള്ളക്കെട്ട് ഉണ്ടായി പൊതു ഡ്രൈനേജില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി വന്നതിനെ തുടര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ഡ്രൈനേജിലെ സ്ലാബുകള്‍ നീക്കി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. റോഡിനു സമീപത്തുള്ള പതിനൊന്നോളം സ്ഥാപനങ്ങള്‍ക്ക് മുമ്പിലുള്ള സ്ലാബുകളാണ് ജെ.സി.ബി വച്ച് നീക്കംചെയ്ത് പരിശോധിച്ചത്. മഴവെള്ളം ഉള്‍പ്പെടെ ഡ്രൈനേജിലേക്ക് പൈപ്പ് കണക്ഷന്‍ കൊടുത്ത ഒരു വ്യാപാരസ്ഥാപനത്തിന്റെ കണക്ഷന്‍ ഉറവിടത്തില്‍ നിന്ന് തന്നെ വിഛേദിച്ചു. മണിയറ ഫര്‍ണിച്ചര്‍ മുമ്പിലുള്ള ഡ്രൈനേജിലേക്ക് മഴവെള്ളവും അഴുക്കുവെള്ളവും എത്തുന്ന പൈപ്പ് നീക്കം ചെയ്തു. മണിയറ ഫര്‍ണിച്ചര്‍ മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള ഡ്രൈനേജിലെ മാലിന്യം നീക്കം ചെയ്യുന്നതിന് പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടും.
ഡ്രൈനേജിലേക്ക് സ്ഥാപനങ്ങളില്‍ നിന്ന് മലിനജലം ഒഴുക്കി വിടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് തുടര്‍ പരിശോധനകള്‍ നടത്തും. ഡ്രൈനേജിലേക്ക് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയ്ക്ക് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ പ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.