കോഴിക്കോട്: കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (CRZ) മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗം അനിശ്ചിതമായി നീണ്ടുപോകുന്നതിനാല്‍ സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലെ ലൈഫ്, പി.എം.എ.വൈ പദ്ധതിയനുസരിച്ചുള്ളതും, സ്വന്തം നിലക്കുള്ള വീട് നിര്‍മാണം മുടങ്ങിയതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രയാസം നേരിടുകയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കൈവെടിയണമെന്ന് ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് എന്‍.പി രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ 10/5/2022ന്റെ ഉത്തരവിനെ തുടര്‍ന്നാണ് എല്ലാമാസവും നടന്നുകൊണ്ടിരുന്ന സി.ആര്‍.സെഡ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം നടക്കാതെ പോയത്. തീരദേശത്തെ നിശ്ചിത പരിധിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അയക്കുന്ന അപേക്ഷകള്‍പോലും നാലുമാസമായി കെട്ടികിടക്കുകയാണ്.
ജില്ലാകലക്ടര്‍ ചെര്‍മാനായ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന ജില്ലാ ടൗണ്‍ പ്ലാനര്‍മാരെ മാറ്റി, ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ജില്ലാ പ്ലാനിങ് ഓഫിസര്‍മാരെ നിശ്ചയിച്ച പരിസ്ഥിതി വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മാസംതോറും ഏകദേശം ഇരുന്നൂറോളം അപേക്ഷകള്‍ പരിഗണിച്ചിരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ വീട് നിര്‍മിക്കാനുള്ള പ്രയാസം നിലനില്‍ക്കുമ്പോള്‍ വന്‍കിടക്കാരന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ഫെബ്രുവരി ഒന്നാം തിയതിയിലെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സംസ്ഥാനം കൈക്കൊള്ളേണ്ട കാര്യങ്ങള്‍ ചെയ്യാതിരുന്നതാണ് ഇതിന്റെ അടിസ്ഥാന പ്രശ്‌നം. പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന പ്രക്രിയ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രസ്തുത മാപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവും.
മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വിഷയമാണിത്. ഈ അനാസ്ഥ അടിയന്തിരമായി പരിഹരിക്കാന്‍ തയ്യാറാവണം. ലൈഫ് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടേയും വീട് ലഭിച്ചിട്ടും അത് നടക്കാതെ പോകുന്ന സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാകണം. ജില്ലാ പ്രസിഡന്റ് ശശിധരന്‍ നാരങ്ങയില്‍, വൈസ് പ്രസിഡന്റ് എന്‍.പി പ്രദീപ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.