- പത്ത് പേര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. 30 തിലധികം പേര്‍ ചികിത്സയിലാണ്. ഇതില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച രാത്രിയാണ് ഇവര്‍ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബോതാദ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.
പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മദ്യ ദുരന്തത്തെ തുടര്‍ന്ന് പോലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തു.
വ്യാജമദ്യം നിര്‍മിക്കുന്നതിന് വേണ്ടി ജയേഷ് എന്നയാളാണ് മെഥനോള്‍ എത്തിച്ച് നല്‍കിയത്. എ.എം.ഒ.എസ് കെമിക്കല്‍സില്‍ നിന്ന് 600 ലിറ്റര്‍ മെഥനോള്‍ എത്തിച്ച് നല്‍കിയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.