കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷം; ഉദ്ഘാടനം 28ന്

കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷം; ഉദ്ഘാടനം 28ന്

കോഴിക്കോട്: കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 28ന് വൈകീട്ട് 4.30ന് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ എ.വി വിശ്വനാഥനും ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡെപ്യൂട്ടി മേയറും സ്വാഗത സംഘം ചെയര്‍മാനുമായ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. എ.ടി.എം/സി.ഡി.എം മെഷീന്‍ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ് നിര്‍വഹിക്കും. ഡെബിറ്റ് കാര്‍ഡ് വിതരണോദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ തുക നല്‍കുന്ന എക്‌സ്പ്രസ് ഗോള്‍ഡ്‌ലോണ്‍ സ്‌കീമിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ബി.സുധയും നിര്‍വഹിക്കും.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, അര്‍ബന്‍ ബാങ്ക് സംസ്ഥാന ഫെഡറേഷന്‍ പ്രസിഡ് ടി.പി.ദാസന്‍, കെ.സി.ഇ.യു സംസ്ഥാന ജന.സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍, കേരള ബാങ്ക് റീജ്യനല്‍ മാനേജര്‍ സി.അബ്ദുല്‍ മുജീബ്, പാക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി പ്രശാന്ത് കുമാര്‍, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ താലൂക്ക് ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം ഷീജ ആശംസകള്‍ നേരും. സില്‍വര്‍ ജൂബിലി ആഘോഷം 2022 ജൂലൈ മുതല്‍ 2023 ജൂലൈ വരെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഒട്ടേറെ സ്‌കീമുകള്‍ നടപ്പിലാക്കും. നീതി മെഡിക്കല്‍ ലാബ്, ക്ലിനിക്ക്‌
ഫിസിയോതെറാപ്പി സെന്റര്‍, ജനാശ്രയ കേന്ദ്രം, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, ഗോള്‍ഡ് പര്‍ച്ചേഴ്‌സ് സ്‌കീം, സോളാര്‍ പാനല്‍ ലോണ്‍, വിദ്യാര്‍ഥി നിക്ഷേപ പദ്ധതി, എ.ടി.എം/സി.ഡി.എം, ഓണ്‍ലൈന്‍പര്‍ച്ചേയ്‌സ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ഫെസിലിറ്റി, ഡേ കെയര്‍ സെന്റര്‍ ഉള്‍പ്പെടെ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എ.വി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ വളര്‍ച്ചയേയും സഹകരണ മേഖലയേയും സമഗ്രമായി പ്രതിപാദിക്കുന്ന സുവനീര്‍ പ്രസിദ്ധീകരിക്കും. വിവിധ കലാ-കായിക മത്സരങ്ങള്‍, സെമിനാറുകള്‍, വിവിധ ട്രെയിനിങ് പ്രോഗ്രാമുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കസ്റ്റമര്‍ മീറ്റ് എന്നിവ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ സംഘടിപ്പിച്ച് 2023 ജൂലൈയില്‍ വിപുലമായ സമാപന പരിപാടികള്‍ സംഘടിപ്പിക്കും.

എ.ടി.എം, സി.ഡി.എം, ഡെബിറ്റ് കാര്‍ഡ് വരുന്നതോടുകൂടി ബാങ്കിന്റെ കസ്റ്റമേഴ്‌സിന് ഓണ്‍ലൈന്‍ ബില്‍ പേയ്‌മെന്റ്, ക്യൂആര്‍ കോഡ് ഫെസിലിറ്റി, ഗൂഗിള്‍ പേ, രാജ്യത്തെവിടെ നിന്നും എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാനും, ബാങ്കിന്റെ സി.ഡി.എമ്മില്‍ മറ്റ് ബാങ്കിന്റെ പണം നിക്ഷേപിക്കാനും സൗകര്യമൊരുങ്ങും. ഡെബിറ്റ് കാര്‍ഡ് ഹോള്‍ഡേഴ്‌സിന് ആക്‌സിഡന്റ് ഡെത്ത്, പെര്‍മനന്റ് ഡിസെബിലിറ്റിക്ക് രണ്ട്‌ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കും. ക്ലാസിഫിക്കേഷന്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന ഗ്രേഡായ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ എ.ബേബി സരോജം, ഡയരക്ടര്‍ ടി.രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു.എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *