-
രവി കൊമ്മേരി
യു.എ.ഇ: യു.എ.ഇ സ്ഥിരതാമസക്കാരുടെ എമിറേറ്റ്‌സ് ഐഡന്റിറ്റി കാര്‍ഡില്‍ അടങ്ങിയിരിക്കുന്ന ഡാറ്റയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിനെ (ICA) മാറ്റുന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് യു.എ.ഇ ഡിജിറ്റല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഐഡി കാര്‍ഡിലെയും ജനസംഖ്യാ രജിസ്‌ട്രേഷന്‍ സംവിധാനത്തിലെയും ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ എഫ്.എ.ഐസിയെ അനുവദിക്കുന്നതിനാണ് നടപടിയെന്ന് യു.എ.ഇ ഡിജിറ്റല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അറിയിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നല്‍കുന്ന എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ക്ക് ഇത് ബാധകമാണ്.
യു.എ.ഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരു സാധുവായ എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാണെന്നും ഐ.ഡി കാര്‍ഡ് നേടുന്നതിനോ പുതുക്കുന്നതിനോ എന്തെങ്കിലും കാലതാമസം വരുത്തിയാല്‍ പിഴ ഈടാക്കുമെന്നും അധികാരികള്‍ അറിയിച്ചു. അധികാരികള്‍ പറയുന്നതനുസരിച്ച് താമസക്കാര്‍ക്കും പൗരന്മാര്‍ക്കും നിലവിലുള്ളതും സാധുവായതുമായ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വിശദാംശങ്ങള്‍ മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ ICA വെബ്‌സൈറ്റ് വഴിയോ അതിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. മാറ്റങ്ങള്‍ വരുത്തുന്നതിന് രേഖകളൊന്നും ആവശ്യമില്ല. 50 ദിര്‍ഹം സേവനഫീസ് നല്‍കി ഇതു ചെയ്യാവുന്നതാണ്.