കോഴിക്കോട്: സ്മാര്‍ട് കുറ്റ്യാടി പദ്ധതിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞ മണ്ഡലമാണ് കുറ്റ്യാടി. സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മണ്ഡലത്തിന് കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ പുതുതായി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രൊജക്ടായ ‘സ്മാര്‍ട് കുറ്റ്യാടി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗംവരെ വൈവിധ്യമായ ഇടപെടലുകള്‍ നടത്തി പൊതുവിദ്യാഭ്യാസത്തിന്റെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനും ചുറ്റുപാടുകള്‍ ശിശുകേന്ദ്രീകൃതമാക്കാനും ആവശ്യമായ നടപടികള്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനകീയ വിഭവ സമാഹരണം, ഫണ്ടിങ് ഏജന്‍സികളുടെ സഹായം എന്നിവയിലൂടെയാണ് പദ്ധതി നടപ്പാക്കുക. 2021-22 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 570 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. പ്ലസ് ടു പരീക്ഷയില്‍ 202 പേരാണ് ഫുള്‍ എപ്ലസ് നേടിയത്.
ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ പ്രകാശനം ചെയ്തു. ഡി.ഡി.ഇ ലോഗോ ഏറ്റുവാങ്ങി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊജക്റ്റ് കണ്‍വീനര്‍ പി.കെ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ഡി.ഡി ഡോ. അനില്‍ പി.എം പ്രൊജക്റ്റ് ഏറ്റുവാങ്ങി. എന്‍.ഐ.ടിയിലെ ഡോ. കെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടന്നു.