തലശ്ശേരി: സി.പി.എം തലശ്ശേരി ഏരിയകമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയില്‍ സി.പി കുഞ്ഞിരാമന്‍ (74) നിര്യാതനായി. തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഞായര്‍ വൈകിട്ട് 6.55നാണ് അന്ത്യം.
തലച്ചോറിലെ രക്തസ്രവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റും മത്സ്യഫെഡ് മുന്‍ ഡയറക്ടറും തലശ്ശേരി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി മുന്‍ അധ്യക്ഷനുമാണ്. ഗോപാലപ്പേട്ടയില്‍നിന്നാണ് കൗണ്‍സിലറായത്. 1968ല്‍ സി.പി.എം അംഗമായി. 1978ല്‍ അവിഭക്ത തലശ്ശേരി ഏരിയ കമ്മിറ്റിയംഗമായി. സി.പി.എം തലശ്ശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാകമ്മിറ്റിയംഗം, കുറിച്ചിയില്‍ പാലിശ്ശേരി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. തലശ്ശേരി ചുമട്ട്‌തൊഴിലാളി യൂനിയന്‍ പ്രസിഡന്റാണ്.
ഗോപാലപ്പേട്ടയിലെ ചെറിയപുരയില്‍ പരേതരായ അമ്പാടി-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വിപിന (തലശേരി പബ്ലിക് സര്‍വന്റ്സ് ബാങ്ക് റിട്ട.ജീവനക്കാരി). മക്കള്‍: ദിമിത്രോവ്, ഡാനിയല്‍ (മത്സ്യതൊഴിലാളി), പരേതനായ ലെനിന്‍. മരുമക്കള്‍: നിഷ, ദിവ്യ (തലശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ബാങ്ക്). സഹോദരങ്ങള്‍: രേവതി, പരേതരായ ലക്ഷ്മണന്‍, ഗോപാലന്‍, നാണി, കൗസു, കൃഷ്ണന്‍. സി.പി കുഞ്ഞിരാമന്റെ നിര്യാണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു.
കാലത്ത് എട്ട് മണി മുതല്‍ 9:30 വരെ മുഴപ്പിലങ്ങാടുള്ള വസതിയിലും 10 മണി മുതല്‍ 11:30 മണി വരെ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലും 11:45 മുതല്‍ ഗോപാല്‍പെട്ട അച്യുതന്‍ സ്മാരക വായനശാലക്കു മുന്‍വശവും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചക്ക് ഒരു മണിക്ക് ഗോപാലപ്പെട്ട ശ്മശാനത്തില്‍ സംസ്‌കരിക്കും. ആദര സൂചകമായി തിരുവങ്ങാട് തലശ്ശേരി വില്ലേജുകളില്‍ കാലത്ത് 10 മണി മുതല്‍ ഒരു മണി വരെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. ഹര്‍ത്താലില്‍ നിന്നും ഹോട്ടല്‍, മെഡിക്കല്‍ ഷോപ്പ്, പാല്‍ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.