ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയുടെ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരേ പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ ഇന്ന് രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും. പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്തിന് ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണ് ആലപ്പുഴ ജില്ലാ കലക്ടറുടെ നിയമനമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. നിയമം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കലക്ടറാക്കിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഏറ്റവും വിവാദമായത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമര്‍ശനമാണ് സജീവമാകുന്നത്. ശ്രീറാമിന്റെ നിയമനത്തില്‍ കോണ്‍ഗ്രസ് വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരേ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കലക്ടറാക്കിയതില്‍ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരിന്റെ വിമര്‍ശനം.
ശ്രീറാം പ്രതിയായ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാള്‍ ജൂനിയറായ പല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കലക്ടര്‍ പദവി നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേസിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും അധിക നാള്‍ മാറ്റിനിര്‍ത്താനാകില്ലെന്നും പറയുമ്പോഴും മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടര്‍ തസ്തിക നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.