ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍ ജി.എസ്.ടി അധികമായി ഏര്‍പ്പെടുത്തിയതിന് ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, ജ്യോതി മണി, മാണിക്യം ടാഗോര്‍ എന്നീ നാല് എം.പിമാര്‍ക്കാണ് സസ്പെന്‍ഷന്‍. വിലക്കയറ്റത്തിനെതിരായ എം.പിമാര്‍ പ്രതിഷേധിച്ചത്. സഭാസമ്മേളനം കഴിയും വരെയാണ് സസ്പെന്‍ഷന്‍. വിലക്ക് മറികടന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനാണ് നടപടി. സ്പീക്കര്‍ ഓം ബിര്‍ലയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ മുഴുവനും ഇവരുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും. ആഗസ്റ്റ് 12 വരെയാണ് മണ്‍സൂണ്‍ സെഷന്‍.
അരിക്കും പാലിനും വരെ ജി.എസ്.ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ജനങ്ങള്‍ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടി.എന്‍ പ്രതാപന്‍ എം.പി വ്യക്തമാക്കി.