ന്യൂഡല്‍ഹി: ദേശസ്‌നേഹം എന്നത് സ്വാഭാവികമായി വരുന്നതാണ്, അല്ലാതെ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല എന്ന് ഹര്‍ ഘര്‍ തിരംഗ ക്യാംപയിനിനെതിരേ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അനന്ത്നാഗില്‍ ക്യാംപയിനിന് വേണ്ടി 20 രൂപ നല്‍കാത്ത കടയുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് വന്നിരുന്നു. ഇതിനെതിരെയായിരുന്നു മുഫ്തിയുടെ പ്രതികരണം.
എല്ലാ കടയുടമകളോടും 20രൂപ വീതം തങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ ഓഫീസുകളില്‍ ഏല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ബിജ്ബേഹാര പ്രദേശത്തെ കടയുടമകളോടായിരുന്നു നിര്‍ദേശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
‘തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച ഓഫീസുകളില്‍ എല്ലാ കടയുടമകളും തിങ്കളാഴ്ച 11 മണിക്ക് മുന്‍പായി 20 രൂപ നല്‍കണം. ജില്ലാ അധികാരികളുടെ നിര്‍ദേശപ്രകാരമാണ് അറിയിപ്പ്. ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായാണ് നടപടി. അറിയിപ്പ് പാലിക്കാത്തവര്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കും’ എന്നാണ് അറിയിപ്പ്. ജില്ലാ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരം അനൗണ്‍സ്മെന്റുകള്‍ നടന്നത്.
എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 20രൂപ പിരിക്കണമെന്ന ഉന്നത വിദ്യഭ്യാസ ഓഫീസറുടെ അറിപ്പ് വന്നതിന് പിന്നാലെയാണ് കടയുടമകള്‍ക്കും അറിയിപ്പ് നല്‍കിയത്. ഉത്തരവ് പിന്‍വലിച്ചെങ്കിലും നിരവധി സ്‌കൂളുകളില്‍ ഇപ്രകാരം വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിവെടുത്തതായാണ് റിപ്പോര്‍ട്ട്.