പ്ലാസ്റ്റിക്കിനോട് വിട പറയൂ, പരിസ്ഥിതിയെ വീണ്ടെടുക്കൂ…

പ്ലാസ്റ്റിക്കിനോട് വിട പറയൂ, പരിസ്ഥിതിയെ വീണ്ടെടുക്കൂ…

ടി. ഷാഹുല്‍ ഹമീദ് (സെക്രട്ടറി, നാദാപുരം ഗ്രാമപഞ്ചായത്ത്)

ലോകത്തെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക്. നിത്യജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു വസ്തു വേറെയില്ല, പ്ലാസ്റ്റിക് ഇല്ലാത്ത ലോകവുമായി പൊരുത്തപ്പെടുക എന്നത് ദുഷ്‌കരമാണ്. ചെമ്പ് യുഗം, ഇരുമ്പ് യുഗം , ഐ.ടി യുഗം എന്നതിനു ശേഷം പ്ലാസ്റ്റിക് യുഗത്തിലാണ് മനുഷ്യരാശി ഇന്ന് ജീവിക്കുന്നത്. പ്ലൈവുഡ് പശ മുതല്‍ ബുള്ളറ്റ് പ്രൂഫിലെ വസ്ത്രങ്ങള്‍ വരെയും, ഷര്‍ട്ടിലെ ബട്ടണ്‍ മുതല്‍ കണ്ണിലെ ലെന്‍സ് വരെയും , പൊതിയുന്ന കടലാസ് മുതല്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ വരെയും പ്ലാസ്റ്റിക്കിനെ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. 2000 ത്തിന് ശേഷമാണ് ലോകത്ത് ഉണ്ടായ പ്ലാസ്റ്റിക്കിന്റെ പകുതിയും ഉല്‍പാദിപ്പിച്ചത് എന്നത് ജനങ്ങള്‍ക്ക് പ്ലാസ്റ്റിക്കിനോടുള്ള അഭിനിവേശത്തിന്റെ ദൃഷ്ടാന്തമാണ്. മനുഷ്യ പരിണാമ ചരിത്രത്തില്‍ പ്ലാസ്റ്റിക്കിനെ പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊരു വസ്തുവും ഇല്ല. ലോകത്ത് പത്തില്‍ മൂന്നുപേര്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരയായി മരിക്കുന്നു. ഭൂമി ഇന്ന് നേരിടുന്ന വലിയ വിപത്തായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുവാന്‍ , ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം കൊണ്ട് സാധിക്കുന്നതാണ്.

എന്താണ് പ്ലാസ്റ്റിക്:

ഗ്രീക്ക് വാക്കായ പ്ലാസ്റ്റിക്കോ എന്ന വാക്കില്‍ നിന്നാണ് പ്ലാസ്റ്റിക് ഉണ്ടായത്. മൃദുവായത് , എളുപ്പത്തില്‍ രൂപമാറ്റം നടത്താന്‍ കഴിയുന്നത് എന്ന അര്‍ഥമാണ് പ്ലാസ്റ്റിക്കിന്റേത്. കല്ല് , മണ്ണ് , മരം , ലോഹം എന്നീ പ്രകൃതിദത്തമായ നിര്‍മാണ പദാര്‍ഥങ്ങളുടെ പട്ടികയില്‍ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഇനമാണ് പ്ലാസ്റ്റിക്. പോളി മറികരണം എന്ന പ്രക്രിയ വഴി കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന രാസ ശൃംഖലകള്‍ (പോളിമര്‍) ആണ് പ്ലാസ്റ്റിക്കിന്റെ പ്രധാനഘടകം, വ്യത്യസ്തതയുള്ള പരസ്പര പൂരകങ്ങളായ ഒന്നിലധികം പോളിമര്‍ ആവശ്യാനുസരണം മിശ്രണം ചെയ്യുവാനും സാധിക്കും. പ്ലാസ്റ്റിക്കിനെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ, മെസോ , മാക്രോഡെബ്രിസ്സ് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ചെലവ് കുറവും, ഏത് വസ്തുവിനോടും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതും പ്ലാസ്റ്റിക്കിനെ ജനകീയ വല്‍ക്കരിച്ചു. താപം , മര്‍ദം എന്നിവ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്കിനെ ഇഷ്ടമുള്ള രൂപത്തിലാക്കുവാനും സാധിക്കും.

കൃത്രിമ പോളിമര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണങ്ങളാണ് പ്ലാസ്റ്റിക്കിന്റെ ജനനത്തിന് കാരണമായത്, 1865 ല്‍ ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ആദ്യത്തെ പ്ലാസ്റ്റിക് കണ്ടുപിടിച്ചു. സസ്യ എണ്ണയും, കര്‍പ്പൂരവും ചേര്‍ത്തുണ്ടാക്കിയ നൈട്രോ സെല്ലുലോയിഡ് ആയിരുന്നു ഇവ. 1999 മുതലാണ് പ്ലാസ്റ്റിക്ക് നിര്‍മാണം വ്യവസായ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്, ലിയോ ഹെന്‍ഡ്രിക്ക് ബേയിക്ക് ലാന്‍ഡ് ആണ് ഇതിന് തുടക്കമിട്ടത് . 1930 ഓടുകൂടി നൈലോണ്‍ , പോളിസ്റ്റര്‍ , പി.വി.സി എന്നിവ കടന്നുവന്നു. 1940ല്‍ പോളി എത്തിലീന്‍ കണ്ടുപിടിച്ചതോടെ പ്ലാസ്റ്റിക് മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറി. പൊതുവായ പ്രകൃതിയുടെ ജൈവ രാസപ്രക്രിയക്ക് ഭാഗമാകാത്ത വസ്തുവാണ് പ്ലാസ്റ്റിക്ക്. നിലവില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ഒരു വികസനപ്രശ്‌നമായി മാറിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ ലോകം:

2019 മുതല്‍ പ്ലാസ്റ്റിക് ഉല്‍പാദനത്തില്‍ ലോകത്ത് പ്രതിവര്‍ഷം 14% വളര്‍ച്ച നേടുന്നു. ലോകത്ത് ഒരു വ്യക്തി ഒരു വര്‍ഷം 28 കിലോഗ്രാം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ അത് 11 കിലോഗ്രാം ആണ്. ഇന്ത്യയില്‍ 3.5 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു. 9% മുതല്‍ 14 ശതമാനം വരെ മാത്രമേ പുനഃചക്രമണം നടത്തുന്നുള്ളൂ, ബാക്കി മുഴുവനും ഭൂമിയിലും കടലിലും അലക്ഷ്യമായി സംസ്‌കരിക്കപ്പെടുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ബഹുഭൂരിഭാഗവും ഒറ്റദിവസം ആയുസ്സുള്ളവയാണ്. 1950ല്‍ ലോകത്ത് രണ്ട് മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാത്രമാണ് ഉല്‍പാദിപ്പിച്ചത് എങ്കില്‍ ഇന്ന് അത് 400 മില്യണ്‍ മെട്രിക്ക് ടണ്‍ ആണ് , 2025ല്‍ അത് 600 മില്യണ്‍ മെട്രിക്ക് ടണ്‍ ആയി വര്‍ധിക്കുന്നതാണ്. ലോകത്ത് ഒരു മണിക്കൂറില്‍ 600 മില്യണ്‍ പ്ലാസ്റ്റിക് ബാഗുകളും 60 മില്യന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിക്കുന്നു. ഏഴുതവണ ഭൂമിയെ പുതപ്പിക്കാന്‍ കഴിയുന്നത്ര പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഭൂമിയിലുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ലോകത്ത് ചൈനയാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്, അതിനുശേഷം അമേരിക്കയും മൂന്നാം സ്ഥാനത്ത് ഇന്ത്യയും ആണുള്ളത്. 22% ഇത്തരം ഉല്‍പ്പന്നങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. ലോകത്ത് ഇന്ന് നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ മൂന്നിലൊന്നും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്നവയാണ്.

പ്ലാസ്റ്റിക് എന്ന വിപത്ത്:

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകരമാണ്. സാധാരണയായി 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാകുമ്പോള്‍ ഡയോക്‌സിനും ഫ്യൂറാനും പ്ലാസ്റ്റിക്കില്‍ നിന്ന് പുറത്തു വരുന്നു. കേരളത്തില്‍ 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിനംപ്രതി പുറന്തള്ളുന്നു. മിനിട്ടില്‍ ലോകത്ത് ഒരു ട്രക്ക് വീതം പ്ലാസ്റ്റിക് മാലിന്യം കടലിലേക്ക് തള്ളുന്നു. കുപ്പി വെള്ളം വെയിലത്ത് വെച്ച് ചൂടാക്കുമ്പോള്‍ തന്നെ വെള്ളത്തില്‍ ബിസിഫിനോള്‍ ഘടകം ഉണ്ടാവുകയും അത് ശരീരത്തില്‍ എത്തിയാല്‍ ബ്ലഡ് പ്രഷര്‍ പോലുള്ള രോഗം ഉണ്ടാകുമെന്നും ശാസ്ത്രം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2025 ആകുമ്പോഴേക്കും മൂന്ന് ടണ്‍ മത്സ്യം പിടിക്കുമ്പോള്‍ അതില്‍ ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നതാണ്. ഒരു ലിറ്റര്‍ ബോട്ടില്‍ വെള്ളത്തില്‍ 325 മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ലോകത്ത് ഹരിത ഗൃഹ വാതകത്തിന് കാരണങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക്. ശരാശരി ഒരു വ്യക്തി 290 പ്ലാസ്റ്റിക് സഞ്ചികള്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നു.

നിരോധനം ഫലപ്രദമാണോ:

ജൂലൈ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് . നിരോധനം ഫലപ്രദമാകണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂളിലെ വകുപ്പ് 6 പ്രകാരം ഏഴു തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട് .പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച് വേര്‍തിരിച്ച് പൊടിച്ച് കൈയൊഴിയുന്നതിനുള്ള സംവിധാനങ്ങളും , പ്രകൃതിക്ക് കോട്ടം തട്ടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനചക്രമണം നടത്തുവാനും , പ്ലാസ്റ്റിക്കിന് പകരമുള്ള ഉല്‍പ്പന്നങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാനും , പഴമയിലെ ശീലമായ തുണിസഞ്ചി അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനും , പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്. കൂടാതെ നാടിന്റെ ഹരിതാഭമായ കവചം കാത്തുസൂക്ഷിക്കുന്ന ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്നവ പൂര്‍ണമായും ഒഴിവാക്കി തുടര്‍ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനം കച്ചവടക്കാര്‍ ഉറപ്പുവരുത്തിയാല്‍ നിരോധനം ഫലപ്രദമാകും. ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന ചെറിയ വരുമാന നഷ്ടം കച്ചവടക്കാര്‍ നിസാര വല്‍കരിച്ചാല്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ അപ്രത്യക്ഷമാകും. ഇന്ത്യയില്‍ ആകെയുള്ള ജൈവസമ്പത്തിന്റെ 25% ഉള്ള കേരളത്തിന്റെ സുസ്ഥിരവികസന മുന്നേറ്റത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം. നിലവില്‍ വിപണിയില്‍ മണ്ണിനോട് ലയിക്കുന്ന 150 പരം ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ട് എന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കേരളത്തില്‍ പ്ലാസ്റ്റിക്കിന്റെ ഭാഗികമായ നിരോധനം ഓരോ പൗരനും ഏറ്റെടുക്കേണ്ട പൗരധര്‍മമാണ്. എല്ലാം വലിച്ചെറിയുന്ന ശീലമുള്ള കേരളീയര്‍ പ്ലാസ്റ്റിക്ക് മണ്ണിലേക്ക് ലയിക്കാന്‍ 1000 വര്‍ഷമെങ്കിലും എടുക്കും എന്ന കാര്യവും ഒരിഞ്ച് മണ്ണ് ഉണ്ടാകണമെങ്കില്‍ 1000 വര്‍ഷം വേണ്ടിവരുമെന്ന ശാസ്ത്ര സത്യവും ഓര്‍ത്താല്‍ പ്ലാസ്റ്റിക്ക് ഭൂമിയില്‍ നിന്ന് അനധിവിദൂരമല്ലാത്ത കാലത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്നതാണ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *