രവി കൊമ്മേരി
ഷാര്‍ജ: ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ ജോലി ഒഴിവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയര്‍ക്കെതിരsയാണ് നടപടിക്കൊരുങ്ങി അധികൃതര്‍. കഴിഞ്ഞദിവസമാണ് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവുണ്ടെന്ന പോസ്റ്റുകള്‍ വൈറലായത്. പലരും ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതോടെ മുനിസിപ്പാലിറ്റി തന്നെ ഇത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി.
ഔദ്യോഗിക സംവിധാനങ്ങളിലൂടെയല്ലാതെ പുറത്തുവരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും മുനിസിപ്പാലിറ്റിയുടെ അറിയിപ്പുകളെല്ലാം വെബ്‌സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയില്‍ കാണാമെന്നും അധികൃതര്‍ അറിയിച്ചു. 993 എന്ന കോള്‍ സെന്റര്‍ നമ്പറിലൂടെ ഔദ്യോഗിക കാര്യങ്ങളില്‍ വ്യക്തത വരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ജോലി ഒഴിവുകള്‍ സംബന്ധിച്ച് നേരത്തേയും വിവിധ പോസ്റ്റുകള്‍ വ്യാജമായി പ്രചരിച്ചിരുന്നു. ഇത്തരം പോസ്റ്റുകളോടൊപ്പം നല്‍കുന്ന ലിങ്കുകള്‍ വ്യക്തികളുടെ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാകാനും സാധ്യതയുണ്ട്. അതിനാല്‍, എല്ലാ വിവരങ്ങള്‍ക്കും ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഫെഡറല്‍ നിയമം അനുസരിച്ച് അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.