ന്യൂമാഹി : പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയും ഇവരുടെ വായ്പകളെല്ലാം എഴുതിത്തള്ളി ഈ വിഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ന്യൂമാഹി കിടാരൻ കുന്നിൽ രക്തസാക്ഷി യു.കെ. സലീം രക്തസാക്ഷി ദിനാചരണവും സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുത്തക മുതലാളിമാർ കൂടുതൽ സമ്പന്നരായി മാറുമ്പോൾ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന നടപടികളുമായാണ് മോദി സർക്കാർ മുമ്പോട്ട് പോകുന്നത്. ഇതിനെതിരെയാണ് ഇടത് ശക്തികൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ – ജന വിരുദ്ധ നടപടികളെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിൻ്റെ ഭാവി ഇരുളടഞ്ഞതാവുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ച് കേന്ദ്ര സർക്കാർ കുത്തക മുതലാളിമാർക്ക് അടിയറ വെക്കുന്ന അപകടകരമായ സാഹചര്യത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇതേ ശക്തികൾ അധികാരത്തിൽ വരുന്നത് തടയാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിൻ്റെ സ്ഥിതി കൂടുതൽ അപകടകരമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് വർഗ്ഗീയ കക്ഷികൾ തമ്മിൽ തുറന്ന സംഘർഷവും സംഘട്ടനവുമായി മുമ്പോട്ട് പോകുന്നത് ഈ ശക്തികൾ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യമാണുണ്ടാക്കുകയെന്നും ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയ ശക്തികളെ ജനകീയ ഐക്യത്തിലൂടെ പ്രതിരോധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സി.പി.എം. തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ.രമേശൻ അധ്യക്ഷത വഹിച്ചു. എ.എൻ.ഷംസീർ എം.എൽ.എ, ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശൻ, പി.പി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പൂ കതിരൂന്റെ നേതൃത്വത്തിൽ നാട്ടുക്കൂട്ടം തലശ്ശേരി അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ അരങ്ങേറി. രാവിലെ ഉസ്സൻ മൊട്ടയിൽ പ്രഭാതഭേരിയും അനുസ്മരണവും ഉണ്ടായി. സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി.പി.രഞ്ജിത്ത്, പി.സനീഷ്, എസ്.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ സംബന്ധിച്ചു.