-
ചാലക്കര പുരുഷു
തലശ്ശേരി: കാറും കോളും നിറഞ്ഞ കടലോരത്ത് ജനിച്ച്, കൊടുങ്കാറ്റിന്റെ ശബ്ദ വേഗതയോടെ വിപ്ലവ പ്രസ്ഥാനത്തിന്റെ ധീര പോരാളിയായി മാറിയ സി.പി കുഞ്ഞിരാമന്റെ വേര്‍പാട് നഗരത്തിന് തീരാനഷ്ടമായി.
നല്ല കറുത്ത ശരീരം… ഓജസ്സേറിയ കണ്ണുകള്‍. സൗമ്യതയും ഗൗരവവും സമന്വയിക്കുന്ന മുഖഭാവം തൂവെള്ള ഷര്‍ട്ടും മുണ്ടും… ധീരതയോലുന്ന ശരീര ഭാഷയും നടത്തവും. കൗമാരക്കാരുടേയും പ്രായമേറിയവരുടേയും തോളില്‍ കൈയ്യിട്ട് നടക്കാന്‍ കഴിയുന്ന പച്ചയായ കമ്മ്യൂണിസ്റ്റ് – ഒരു കാലത്ത് തലശ്ശേരിയിലെയും പരിസരത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായിരുന്നു സഖാവ് സി.പി കുഞ്ഞിരാമന്‍.
നാടന്‍ ഭാഷയിലുള്ള പ്രസംഗം, വിരസതയേതുമില്ലാതെ രാഷ്ട്രീയ ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള അവഗാഹമായ ജ്ഞാനം, മികച്ച വായനക്കാരന്‍, മയ്യഴിവിമോചന പോരാട്ടത്തിലെ ധീര രക്തസാക്ഷി എം.അച്ചുതന്റെ രണധീരതയും എ.കെ.ജിയുടെ ജീവിതഗാഥയുമാണ് സി.പിയെ കമ്മ്യൂണിസ്റ്റാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റേയും സഹപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഒരേ സമയം ഇളനീര്‍ കാമ്പിന്റെ മാധുര്യവും കാരിരുമ്പിന്റെ കരുത്തുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു.
നിരക്ഷരതയും പട്ടിണിയും ദുരിതത്തിലാഴ്ത്തിയ കടലോരത്തു നിന്നും തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പാഠങ്ങളാക്കി മുട്ടിലിഴഞ്ഞ ഒരു ജനവിഭാഗത്തെ സംഘടിപ്പിച്ച് നട്ടെല്ല് വളയാതെ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ ഊര്‍ജം പകര്‍ന്ന ആ നേതൃശേഷി അജയ്യമായിരുന്നു. കടലിന്റെ മക്കളുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തില്‍ നഗരസഭാംഗം തൊട്ട് മത്സ്യത്തൊഴിലാളി യൂണിയന്‍ സ്ഥാപക സെക്രട്ടറി, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് തുടങ്ങി സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്റെ കസേരയില്‍ വരെ ഈ മനുഷ്യനെ എത്തിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ അദ്ദേഹത്തിന് രാഷ്ട്രീയത്തിനുമപ്പുറം വിപുലമായ സൗഹൃദബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. നെറികേട് എവിടെ കണ്ടാലും ഉറക്കെ വിളിച്ചു പറയാനുള്ള തന്റേടം ജനിതകമായി സിദ്ധിച്ച സി.പിയുടെ ശബ്ദം എന്നും സാധാരണക്കാരന് വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു. കാലം ഏറെ മാറിയിട്ടും പഴമയുടെ മൂല്യം കളയാന്‍ അന്ത്യനിമിഷം വരെ അദ്ദേഹം കൂട്ടാക്കിയില്ല.
മനുഷ്യത്വത്തിന് ഒരു വിലയുമേകാത്ത ഭരണകൂട നിലപാട് രോഷത്തോടെ ജനങ്ങളില്‍ പകര്‍ന്നേകിയ ഈനേതാവ് തലശ്ശേരിയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി നടന്ന ആയിരക്കണക്കായ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളില്‍ മുന്നില്‍ തന്നെ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥയില്‍ തലശ്ശേരിയിലും പരിസരത്തും അരങ്ങേറിയ ദുരനുഭവങ്ങള്‍ നേരിട്ട നാളുകളും വായനശാലകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന കിരാതമായ അക്രമങ്ങളും കടന്നുകയറ്റങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേ നിരന്തരമായി നടന്ന കൊലപാതകങ്ങളും പോലിസ് കാടത്തങ്ങളെയും നേരിടാന്‍ വാക്ക് കൊണ്ടും കര്‍മം കൊണ്ടും ധൈര്യം പകരാനെത്തിയ രണനായകനായിരുന്നു സി.പി. തലശ്ശേരി ലഹളക്കാലത്ത് മാനവിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം നാടിന് മറക്കാനാവില്ല.