ഒറിഗോണ്‍: ടോക്കിയോ ഒളിമ്പിക്സിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് അഭിമാനമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ ദൂരം താണ്ടിയ നീരജ് ചോപ്ര ചരിത്രത്തില്‍ നടന്നുകയറിയത് ഭാരതത്തിന് വെള്ളി മെഡല്‍ സമ്മാനിച്ച്. 2003ലെ പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡല്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. നീരജിന്റെ ഈ നേട്ടത്തോടെ നിരവധി റെക്കോര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് നീരജ്.
നിലവിലെ ചാമ്പ്യന്‍ കൂടിയായ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സനാണ് മത്സരത്തില്‍ 90.54 മീറ്ററില്‍സ്വര്‍ണം എറിഞ്ഞിട്ടത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. നീരജിന്റെ ആദ്യശ്രമം ഫൗള്‍ത്രോയായിരുന്നു. സമ്മര്‍ദങ്ങളെ അതിജീവിച്ച അദ്ദേഹം രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ എറിഞ്ഞ് മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തില്‍ 88.13 മീറ്റര്‍ എറിഞ്ഞ് വെള്ളിമെഡല്‍ ഉറപ്പാക്കി.
അതേ സമയം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെത്തി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണെന്നും വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നീരജിനെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജും രംഗത്തെത്തി. നീരജിന്റെ നേട്ടത്തില്‍ സന്തോഷമുണ്ടന്നും അത്ലറ്റിക്സില്‍ ഒരു ലോക മെഡലിന് വേണ്ടി കഴിഞ്ഞ 19 വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും അത് നീരജിലൂടെ സാധിച്ചുവെന്നും മെഡലുമായി തിരിച്ചെത്തുന്ന നീരജ് ചോപ്രയെ സ്വീകരിക്കാന്‍ താനുമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.