ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം: തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം: തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ

തലശ്ശേരി: സംഘര്‍ഷത്തില്‍ പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനൊപ്പം ആശുപത്രിയിലെത്തിയ ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. പിണറായി പാനുണ്ടയിലെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചക്യത്ത് മുക്ക് പുതിയ വീട്ടില്‍ ജിംനേഷാ(32)ണ് മരിച്ചത്. പിണറായി പാനുണ്ടയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനൊപ്പം തലശ്ശേരി മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിയ ജ്യേഷ്ഠന്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ അത്യാഹിത വിഭാഗത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇ.സി.ജി യില്‍ വ്യതിയാനം കണ്ടതോടെ ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഇതിനായി വീട്ടുകാരെ ബന്ധപ്പെട്ടു വരുന്നതിനിടയിലാണ് തളര്‍ന്ന് വീണ് മരിച്ചതെന്നാണ് പോലിസിന് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടത് സി.പി.എമ്മുകാരുടെ അടിയേറ്റാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

ബാലസംഘത്തിന്റെ പിണറായി ഏരിയാ സമ്മേളനം നടക്കുന്ന പാനുണ്ട സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ കവാടത്തില്‍ സി.പി.എം സ്ഥാപിച്ച കൊടിതോരണങ്ങളും ഗേയ്റ്റും തകര്‍ക്കപ്പെട്ടതാണ് പ്രശ്‌നമുണ്ടാക്കിയത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലും നാല് ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സയിലുണ്ട്.
കുട്ടികളുടെ കലാ സാംസ്‌കാരിക പരിപാടി നടക്കുന്ന സ്‌കൂളില്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം.എരുവട്ടി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കുറ്റിയന്‍ രാജന്‍ പിണറായി പോലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉള്‍െപ്പടെ നിരവധി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തി. തലശ്ശേരി ഇന്‍സ്പക്ടര്‍ എം.വി.ബിജുമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തും. പാനുണ്ടയിലെ പി.വി.മോഹനന്‍, ഒ.പി. അജിത എന്നിവരാണ് ജിംനേഷിന്റെ മാതാപിതാക്കള്‍. ജിഷ്ണു, ജിംന സഹോദരങ്ങളാണ്, മരപ്പണിക്കാരനാണ് ജിംനേഷ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *