ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സൗഹൃദസംഗമം ഒരുക്കി യു.എല്‍ കെയര്‍ നായനാര്‍ സദനം

ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സൗഹൃദസംഗമം ഒരുക്കി യു.എല്‍ കെയര്‍ നായനാര്‍ സദനം

 

കോഴിക്കോട്: പാട്ടും കവിതകളും കലാപ്രകടനങ്ങളുമായി ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സൗഹൃദസംഗമം ഒരുക്കി യു.എല്‍ കെയര്‍ നായനാര്‍ സദനം. ഭിന്നശേഷിക്കാര്‍ക്കായി എരഞ്ഞിപ്പാലത്തു പ്രവര്‍ത്തിക്കുന്ന നായനാര്‍ സദനത്തിലേക്കു കാരപ്പറമ്പിലുള്ള ലയണ്‍സ് മടിത്തട്ടിലെ വയോജനങ്ങളും എത്തിയതോടെ സൗഹൃദസംഗമം ഹൃദ്യാനുഭവമായി. മുഖ്യാതിഥിയായി എത്തിയ ഗായിക രാധിക റാവു നിത്യഹരിതഗാനങ്ങള്‍ ആലപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാവായ കെ. എസ് വെങ്കിടാചലം, സിനിമ സംവിധായകന്‍ മൊയ്തു താഴത്ത് തുടങ്ങിയവരും സംഗമത്തില്‍ അതിഥികളായെത്തി. യു.എല്‍ കെയര്‍ നായനാര്‍ സദനത്തിലെ ട്രെയിനികളുടേയും ലയണ്‍സ് മടിത്തട്ടിലെ വയോധികരുടേയും കലാപ്രകടനങ്ങളും നടന്നു. എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു സ്‌നേഹസൗഹൃദങ്ങളും പങ്കുവച്ചാണു പിരിഞ്ഞത്.

യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി ചടങ്ങില്‍ അദ്ധ്യക്ഷനായി. നായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി. കെ ഹരീന്ദ്രനാഥ്, യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ.എം.കെ ജയരാജ്, യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ പ്രതിനിധി എ അഭിലാഷ് ശങ്കര്‍, ലയണ്‍സ് ക്ലബ്ബ് 318Eയുടെ പ്രതിനിധി ബീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി(യു.എല്‍.സി.സി.എസ്)യുടെ സാമൂഹികസേവനസംരംഭമായ യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന തൊഴില്‍പരിശീലനകേന്ദ്രമാണു യു.എല്‍ കെയര്‍ നായനാര്‍ സദനം. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍, ലയണ്‍സ് ക്ലബ്ബ് 318E, വാഗ്ഭടാനന്ദ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കാരപ്പറമ്പില്‍ നടന്നുവരുന്ന വയോജന പകല്‍പരിചരണ കേന്ദ്രമാണു ലയണ്‍സ് മടിത്തട്ട്. രണ്ടു സ്ഥാപനത്തിലും സര്‍ഗശേഷീ വികസനത്തിനും വിനോദത്തിനുമുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായിരുന്നു സൗഹൃദസംഗമം.

 

Share

Leave a Reply

Your email address will not be published. Required fields are marked *