-
രവി കൊമ്മേരി
ഷാര്‍ജ: മലയാളിയും യു.എ.ഇ.യിലെ കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനുമായ അന്‍സാര്‍ കൊയിലാണ്ടിക്ക് ഇന്റര്‍നാഷണല്‍ കള്‍ചര്‍ & സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവര്‍ഡ്. കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള കീ ഫ്രൈം ഇന്റര്‍നാഷണലിന്റെ 2022 ലെ ഇന്റര്‍നാഷണല്‍ കള്‍ചര്‍ & സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡാണ് അന്‍സാര്‍ കൊയിലാണ്ടിക്ക് ലഭിച്ചത്. കലാ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കോഴിക്കോട് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് കൈമാറും.
പ്രവാസ ഭൂമിയില്‍ നിരവദി വേദികളിലൂടെ ഒട്ടനവധി കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കിയ വ്യക്തിയാണ് അന്‍സാര്‍ കൊയിലാണ്ടി. കൂടാതെ കലാരംഗത്തും സാമൂഹികരംഗത്തും അവശരായ നിരവധി ആളുകള്‍ക്ക് സഹായഹസ്തവുമായി ഇദ്ദേഹം മുന്നോട്ട് വന്നിട്ടുണ്ട്. യു.എ.ഇയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിപാടികളില്‍ മികച്ച സേവനങ്ങള്‍ നല്‍കിയതിന് അന്‍സാറിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു.എ.ഇ യില്‍ നടന്ന ജി.സി.സി വാരാചരണം മികവുറ്റതാക്കിയതിന് രണ്ടു തവണ യു.എ.ഇ അഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ദുബായ് ഷെയ്ഖ് മക്തൂം ഫൗണ്ടേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയില്‍ നിന്ന് നേരിട്ട് അംഗീകാരം നേടിയ മലയാളി കൂടിയാണ് ഇദ്ദേഹം. വിവിധ മേഖലയില്‍ ഉന്നത സേവനങ്ങള്‍ കാഴ്ചവച്ചതിന് പ്രവാസി ഭാരതി പുരസ്‌കാരം, പ്രതിഭാരത്‌ന പുരസ്‌കാരം, കേരള ഗവണ്‍മെന്റിന്റെ മുസ്‌രിസ് പ്രവാസി ഹര്‍ഷ ടാലന്റ് പുരസ്‌കാരം, സ്വാതിതിരുനാള്‍ മഹാരാജാ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും അന്‍സാര്‍ കൊയിലാണ്ടിയെ തേടി എത്തിയിട്ടുണ്ട്. റുബീനയാണ് ഭാര്യ, മക്കള്‍: സഹല്‍ അന്‍സാര്‍, ഹെന്ന അന്‍സാര്‍, സഫ അന്‍സാര്‍.