തലശ്ശേരി: രാജ്യത്തെ തന്നെ പറഞ്ഞാല്‍ തീരാത്ത പെരുമയുടേയും പഴമയുടേയും ചരിത്ര പശ്ചാത്തലമുണ്ട് പൈതൃകനഗരമായി സര്‍ക്കാര്‍ അംഗീകരിച്ച തലശ്ശേരിക്കെന്ന് വിഖ്യാത ചിത്രകാരനും നാടന്‍ കലാ ഗവേഷകനും ചരിത്രകാരനുമായ കെ.കെ മാരാര്‍. ഡി.ടി.പി.സി കണ്ണൂരും ടൂറിസം വകുപ്പും ചേര്‍ന്ന് തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ടൂര്‍ ഗൈഡുകള്‍ക്കായുള്ള സംഘടിപ്പിച്ച ശില്‍പശാലയില്‍ ‘തലശ്ശേരി പൈതൃക പദ്ധതി-മലബാര്‍ പൈതൃകം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളായി വന്ന അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടിഷുകാര്‍, ചൈനീസ്, ഡച്ചുകാര്‍, ജര്‍മ്മന്‍കാര്‍ തുടങ്ങി ഒട്ടേറെ വിദേശികള്‍ തലശ്ശേരിയുടെ ഭാഷയിലും സംസ്‌കാരത്തിലും സ്വാധീനം ചെലുത്തിയിരുന്നു. ഭക്ഷണം, വൃക്ഷങ്ങള്‍, സംസ്‌കൃതി എന്നിവയിലൊക്കെ ഇന്നും വൈദേശിക ബന്ധങ്ങള്‍ കാണാം. കച്ചിനില്‍ നിന്ന് വന്നവരാണ് ‘തലശ്ശേരി ദം ബിരിയാണി’യുടെ അവകാശികള്‍.
കേയീ കടുംബങ്ങള്‍ ലോകം മുഴുവന്‍ വ്യാപാരം ചെയ്തിരുന്നു. ഹജ്ജിന് പോകുന്ന മലയാളികള്‍ക്ക് താമസിക്കാന്‍ മക്കത്ത് കേയി റുബാത്ത് നിര്‍മിക്കപ്പെട്ടിരുന്നു.
ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ തലശ്ശേരി സബ് കലക്ടര്‍ ബംഗ്ലാവ് ഹെറിറ്റേജ് മ്യൂസിയത്തിന് ഉപയോഗിക്കാനാവുന്ന ഏറ്റവും പ്രൗഢമായ കെട്ടിടമാണ്. ആദ്യ നോവല്‍, ചെറുകഥ, അറബി-മലയാള നിഘണ്ടു, ഇംഗ്ലിഷ്-മലയാളം നിഘണ്ടു, ആദ്യ ഇംഗ്ലീഷ് വിദ്യാലയം, ആദ്യ പത്രം, പ്രിന്റിങ്ങ് പ്രസ്സ്, ആദ്യ വനിതാ വിദ്യാലയം, രണ്ടാമത്തെ മുനിസിപ്പല്‍ നഗരം, സര്‍ക്കസ്സ്, കേക്ക്, ക്രിക്കറ്റ് തുടങ്ങി ചരിത്രത്തില്‍ ഒന്നാമതിടം നേടിയ മണ്ണാണിത്.നാല് പൈതൃക സര്‍ക്യൂട്ടുകളില്‍ തുറമുഖ സര്‍ക്യൂട്ട്, പഴശ്ശി സര്‍ക്യൂട്ട്, ഫോക്ലോര്‍ സര്‍ക്യുട്ട്, പില്‍ഗ്രിം സര്‍ക്യൂട്ട്, എന്നിവ സംയോജിപ്പിച്ചുള്ള ടൂറിസം സാഝ്യതകള്‍ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കെ.കെ മാരാര്‍ ചൂണ്ടിക്കാട്ടി. നവീകരിക്കല്‍ പോലെ പ്രധാന്യമുള്ളതാണ് നിലനിര്‍ത്തലും. ക്ഷേത്ര ശില്‍പികള്‍ തന്നെയാണ് ഇവിടെ പള്ളികളും നിര്‍മിച്ചിരുന്നത്. അതാണ് ഇവ തമ്മിലുള്ള സാമ്യതക്ക് കാരണം.
കടല്‍ കൊണ്ടുപോകും മുമ്പ് തീര്‍ത്തും അപകടാവസ്ഥയിലായ പൗരാണികമായ പാലം സംരക്ഷിച്ച് നിര്‍ത്താനായില്ലെങ്കില്‍ അത് ചരിത്രത്തോട് തന്നെ ചെയ്യുന്ന നീതികേടായിരിക്കുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ശില്‍പശാലയും പദ്ധതി പ്രദേശ സന്ദര്‍ശനവും മ്യൂസിയം വിദഗ്ധരുടെ പാനല്‍ ചര്‍ച്ചയും സബ് കലക്ടര്‍ അനുകുമാരിയാണ് ഉദ്ഘാടനം ചെയ്തത്. അഡ്വ. എ.എന്‍.ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാരീസ് പ്രസിഡന്‍സിയില്‍ നടന്ന ശില്‍പശാലയില്‍ ഡോ. എ.വത്സലന്‍, ഡോ. ബി.വേണുഗോപാല്‍ ഡോ. രാജു തുരുത്തില്‍, യോഗേഷ് ശ്രീനിവാസന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജെ.കെ ജിജേഷ് കുമാര്‍ സംസാരിച്ചു. ടി.ജി. അഭിലാഷ് സ്വാഗതവും, കെ.എസ്.ഷൈന്‍ നന്ദിയും പറഞ്ഞു.