കോഴിക്കോട്: കേന്ദ്ര-സംസ്ഥാന, കനറാബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ മാനേജ്മെന്റ് നടത്തുന്ന തെറ്റായ നടപടികള്‍ക്കെതിരേ 25ന് തിങ്കള്‍ പണിമുടക്ക് നടത്തുമെന്ന് കെ.ജി.ബി സംയുക്ത യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് 50 ശതമാനം ഓഹരിയും കേരള സര്‍ക്കാരിന് 15 ശതമാനം ഓഹരിയും കനറാ ബാങ്കിന് 35 ശതമാനം ഓഹരി പങ്കാളിത്തവുമാണ് കേരള ഗ്രാമീണ്‍ ബാങ്കിലുള്ളത്. എന്നാല്‍ മാനേജ്‌മെന്റ് ബാങ്കിലെ വ്യവസായ അന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് കൈകൊള്ളുന്നത്.
1976ല്‍ സംസ്ഥാനത്ത് സ്ഥാപിതമായ രണ്ട് ഗ്രാമീണബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് 2013 ജൂലൈ എട്ടിനാണ് കേരള ഗ്രാമീണ്‍ ബാങ്ക് രൂപീകൃതമാകുന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കും മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും കൂട്ടിയോജിച്ചപ്പോള്‍ 535 ശാഖകളുണ്ടായിരുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ ഏറ്റവും വലിയ ബാങ്കിങ് പ്രസ്ഥാനമായി കേരള ഗ്രാമീണ്‍ ബാങ്ക് മാറി. വായ്പയുടെ 94 ശതമാനം മുന്‍ഗണനാ വിഭാഗത്തില്‍ നല്‍കിവരുന്ന ബാങ്ക് ഇടത്തരം കച്ചവടക്കാരുടേയും കര്‍ഷകരുടേയും വിദ്യാര്‍ഥികളുടേയും സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുന്‍പന്തിയിലായിരുന്നു.
ഇന്ന് സംസ്ഥാനത്ത് 634 ശാഖകളും 10 റീജിയണല്‍ ഓഫിസുകളും മലപ്പുറം ആസ്ഥാനമാക്കി ഹെഡ് ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. 2013-2014ല്‍ 17634 കോടി രൂപയുടെ ബിസിനസ് രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41112 കോടി രൂപയായി വര്‍ധിച്ച് 233 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ബാങ്കിന്റെ വളര്‍ച്ചക്ക് അക്ഷീണം പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് മാനേജ്‌മെന്റിന്റെ നടപടിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2021 ഡിസംബറില്‍ സംഘടനകള്‍ മാനേജ്‌മെന്റിന് നിസ്സഹകരണ സമരത്തിനുള്ള നോട്ടിസ് നല്‍കുകയും 29ന് സമരം ആരംഭിക്കുകയും ചെയ്തു.
44 ദിവസം നീണ്ട സമരത്തിനൊടുവില്‍ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാല്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി മാനേജ്‌മെന്റ്, ജീവനക്കാരേയും ഇടപാടുകാരേയും വെല്ലുവിളിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുകയാണ്.
മുഴുവന്‍ തസ്തികകളിലേക്കും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. നിലവില്‍ 850 ക്ലറിക്കല്‍ ജീവനക്കാരുടേയും 1035 ഓഫിസര്‍മാരുടേയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 31-03-2022ന്റെ ബിസിനസ് ആധാരമാക്കി നിയമനം നടത്താമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചെങ്കിലും ക്ലറിക്കല്‍ തസ്തികയിലേക്ക് 61 ഒഴിവുകളും ഓഫിസര്‍ തസ്തികയിലേക്ക് 186 ഒഴിവുകളും മാത്രമാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര ഗവണ്‍മെന്റ് ശുപാര്‍ശ പ്രകാരം നബാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്ന എസ്.കെ മിത്ര അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് മുഴുവന്‍ ഗ്രാമീണ് ബാങ്കുകളും നടപ്പിലാക്കിയിട്ടുണ്ട്. മിത്ര കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ പോലും കേരള ഗ്രാമീണ ബാങ്കില്‍ 1035 ഓഫിസര്‍മാരുടേയും 850 ക്ലറിക്കല്‍ ജീവനക്കാരുടേയും ഒഴിവുകള്‍ നികത്താനുണ്ട്.
ബാങ്കില്‍ ഒഴിവുകള്‍ കണ്ടെത്തി നിയമന നടപടികള്‍ നടപ്പിലാക്കുന്നതിന് ഡയരക്ടര്‍ ബോര്‍ഡിന്റെ പൂര്‍ണ്ണ അധികാരത്തില്‍ ആയിരിക്കണമെങ്കിലും ഡയരക്ടര്‍ ബോര്‍ഡിനെ മറികടന്നുകൊണ്ട് സ്‌പോണ്‍സര്‍ ബാങ്കായ കനറാ ബാങ്കിന്റെ തീരുമാനമാണ് ഒഴിവുകള്‍ വെട്ടികുറച്ചിരിക്കുന്നത്. ഇത് നിലവിലുള്ള നിയമത്തിന്റെ ലംഘനമാണ്. ഗ്രാമീണ ബാങ്കിലെ നിയമനത്തില്‍ സ്‌പോണ്‍സര്‍ ബാങ്ക് ഒരുതരത്തിലും ഇടപെടാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം നിലനില്‍ക്കേ അനധികൃത ഇടപെടലാണ് കനറാബാങ്ക് നടത്തുന്നതെന്നവര്‍ കുറ്റപ്പെടുത്തി. ആവശ്യത്തിന് സ്റ്റാഫില്ലാതെ ബ്രാഞ്ചുകള്‍ മുന്നോട്ടു പോകുമ്പോള്‍ ഇടപാടുകാര്‍ക്ക് മതിയായ സേവനം നല്‍കാനാവാതെ സ്ഥാപനം ബുദ്ധിമുട്ടുകയാണ്.
മാതൃകാ തൊഴില്‍ സ്ഥാപനമാവേണ്ട പൊതുമേഖലാ സ്ഥാപനം ജോലി സാധ്യതകള്‍ തടയുന്നത് അഭ്യസ്ഥവിദ്യരായ യുവതലമുറയോടുള്ള വെല്ലുവിളിയാണ്. 20 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. നിലവില്‍ 129 ജീവനക്കാര്‍ മാത്രമാണ് പ്യൂണ്‍ തസ്തികയിലുള്ളത്. ബാക്കിവരുന്ന ഒഴിവുകളില്‍ താല്‍ക്കാലിക ജീവനക്കാരെ വച്ച് ജോലിയെടുപ്പിക്കുകയാണ്. പാവപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരമായി നിയമിക്കണം. ബിസിനസ് കറസ്‌പോണ്ടന്റ് എന്നത് പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങള്‍ ധാരാളമുള്ള നമ്മുടെ സംസ്ഥാനത്ത് അപ്രസക്തമാണ്.
ബിസിനസ് കറസ്‌പോണ്ടന്റ് നിയമനത്തിന്റെ മറവില്‍ സ്ഥിരം നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ബിസിനസ് കറസ്‌പോണ്ടന്റ് നിയമനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണം. ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതിന് ശേഷം 400 ഓളം ബിസിമാരെ മാനേജ്‌മെന്റ് നിയമിച്ചിരിക്കുകയാണ്. പണിമുക്കിനുശേഷവും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര ട്രേഡ് യൂണിയനുകള്‍, യുവജന സംഘടനകള്‍ സംയോജിപ്പിച്ചുകൊണ്ട് സമരം ശക്തമാക്കുമെന്നവര്‍ വ്യക്തമാക്കി. എ.ആര്‍ അഭിജിത്ത് ജനറല്‍ സെക്രട്ടറി കെ.ജി.ബി സ്റ്റാഫ് അസോസിയേഷന്‍, ടി.സോമന്‍ ജന.സെക്രട്ടറി കെ.ജി.ബി ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, എന്‍. മീന പ്രസിഡന്റ് കെ.ജി.ബി എംപ്ലോയിസ് യൂണിയന്‍, സി.ജി ജയന്‍ ജില്ലാപ്രസിഡന്റ് കെ.ജി.ബി ഓഫിസേഴ്‌സ് യൂണിയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.