തലശ്ശേരി: മഞ്ഞോടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാണ്ടിയില്‍ വീട്ടില്‍ രവീന്ദ്രന്റെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനാണ് ഇയാളെ വീട്ടിലെ ശുചിമുറിക്കടുത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് ഇപ്പോഴും വ്യക്തതയില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്റെ നിഗമനം കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നതെങ്കിലും എവിടെയാണ് ആത്മഹത്യശ്രമം നത്തിയതെന്നോ ആരാണ് കെട്ടഴിച്ചു കിടത്തിയതെന്നോ ഇപ്പോഴും വ്യക്തമല്ല.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇവരെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും.തുടക്കത്തില്‍ ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് ജനുവരി മുതല്‍ ക്രൈംബ്രാഞ്ച് കണ്ണൂര്‍ സെല്ലാണ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. കേസില്‍ രവീന്ദ്രന്റെ ഭാര്യയില്‍ നിന്ന് ഉള്‍പ്പെടെ അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ മുന്‍ പോലിസ് സര്‍ജനാണ് കൊലപാതക സാധ്യത ഭാഗികമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് സംഭവം പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും വിദഗ്ധ അഭിപ്രായം തേടാനാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.