സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 92.71 ആണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഫലപ്രഖ്യാപനം ഏറെ വൈകിയതോടെ ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം വൈകിയതോടെ വിദ്യാര്‍ഥികള്‍ വലിയ ആശങ്കയിലായിരുന്നു. സംസ്ഥാന ബോര്‍ഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.

ഫലപ്രഖ്യാപനം വൈകിയതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി നീട്ടാനാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന വിവരം പുറത്ത് വരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാല്‍ പോലും പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Share

Leave a Reply

Your email address will not be published. Required fields are marked *