കോഴിക്കോട്: രാജ്യത്ത് പൊതുമേഖലയിലും വന്‍കിട കോര്‍പറേറ്റ് മേഖലയിലും തൊഴിലവസരം കുറയുമ്പോള്‍ സംരംഭകത്വ വളര്‍ച്ചയിലൂടെ മുന്നേറ്റം സൃഷ്ടിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന സ്ഥാപനമാണ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇ.ഡി.ഐ.ഐ)യെന്ന് റിസര്‍ച്ച് ഓഫിസര്‍ ഡോ. അനൂപ് കെ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്താണ് സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തില്‍ തൃശൂരില്‍ ഓഫിസുണ്ട്. തൊഴിലന്വേഷകരില്‍നിന്ന് യുവതലമുറയെ സംരംഭകരാക്കുന്ന മേഖലയില്‍ 1983 മുതല്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വരികയാണ്.
ഓരോ വര്‍ഷവും രാജ്യത്തുടനീളം ഒരു ലക്ഷത്തോളം യുവജനങ്ങള്‍ക്ക് സംരംഭകത്വ വികസനത്തിനായ് പരിശീലനം സംഘടിപ്പിച്ച് വരുന്നു. ഐ.ഡി.ബി.ഐ, ഐ.എഫ്.സി.ഐ, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, ലോക ബാങ്ക്, കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ്, ബ്രിട്ടീഷ് കൗണ്‍സില്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍, യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ സെക്രട്ടറിയേറ്റ്, യൂനിഡോ, ഐ.എല്‍.ഒ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ആഗോള മാര്‍ക്കറ്റില്‍ മുന്നേറുന്നതിനുമായി ഇ.ഡി.ഐ.ഐ കോഴ്‌സുകള്‍ നടത്തുന്നു. രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന ഇ.ഡി.ഐ.ഐ പി.ജി.ഡി.എം കോഴ്‌സുകള്‍ എ.ഐ.സി.ടി എം.ബി.എ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ (AIU) എം.ബി.എ കോഴ്‌സിന് തുല്യമായ ഈ കോഴ്‌സുകള്‍ ഇതിനോടകം 24 ബാച്ചുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ തുടരുകയാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് hhttps://ediindia.ac.in/ OR https://www.ediindia.org/ സന്ദര്‍ശിക്കുക. ഫോണ്‍: 04872336242.