പ്രാദേശിക വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണം: എസ്.എം വിജയാനന്ദ്

പ്രാദേശിക വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണം: എസ്.എം വിജയാനന്ദ്

തിരുവനന്തപുരം: പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും ഏറ്റവും പാവപ്പെട്ടവരിലേക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും എത്തിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. ജനകീയാസൂത്രണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ സംവിധാനത്തില്‍ പ്രഥമ പരിഗണന നല്‍കുന്നത് ദരിദ്രവിഭാഗത്തിനാണ്. ഇവരെ കണ്ടെത്തുകയും അര്‍ഹമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയും മറ്റുള്ളവരുമായുള്ള അന്തരം കുറയ്ക്കുകയുമാണ് വേണ്ടത്. അയല്‍ക്കൂട്ടങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ വരുമാനദായക വോളണ്ടിയര്‍മാരെ ശക്തിപ്പെടുത്തുകയും തദ്ദേശ സ്ഥാപനങ്ങളുടെ കര്‍മപദ്ധതി ആസൂത്രണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, തൊഴിലുറപ്പ് മേഖലകളിലെ കുടുംബശ്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതോടൊപ്പം വയോജനങ്ങളുടെ കൂട്ടായ്മകള്‍ സൃഷ്ടിച്ച് അവരുടെ പരിരക്ഷയും ഉറപ്പുവരുത്താന്‍ കഴിയും.

വനിതാഘടക പദ്ധതികളുടെ നടത്തിപ്പും പ്രധാനമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണമേന്‍മ വര്‍ധിപ്പിച്ച് ആസ്തി രൂപീകരണത്തിന് പ്രാധാന്യം നല്‍കണം. കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തും നേട്ടവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഈ പ്രസ്ഥാനത്തിനുള്ള സ്വീകാര്യതയാണ്. സാമൂഹികവും സാമ്പത്തികവും ഭൗതികവുമായ മൂലധനമാണ് ഈ ത്രിതല സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അനിവാര്യമായ ഘടകങ്ങള്‍. മനുഷ്യശേഷിയാണ് മറ്റൊരു മൂലധനം. ഇതോടൊപ്പം പാരിസ്ഥിതിക ബോധവും പൗരബോധവും പുലര്‍ത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീക്കുമുള്ള അധികാരം പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് പ്രാദേശിക സാമ്പത്തിക സാമൂഹിക വികസന പ്രക്രിയയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *