നാദാപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുവാന്‍ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചു. നാദാപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാര്‍ , മാനേജര്‍മാര്‍ , പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് പഞ്ചായത്തില്‍ ചേര്‍ന്ന് സമ്പൂര്‍ണ ശുചിത്വ പദ്ധതി ആസൂത്രണം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കുക, സ്ഥാപനം സന്ദര്‍ശിക്കുന്നവര്‍ ശുചിത്വം പാലിക്കുക , ജൈവ-അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ സ്ഥാപന മേധാവിമാര്‍ ഉറപ്പുവരുത്തണം. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനും അജൈവമാലിന്യം ഹരിത കര്‍മസേനക്ക് കൈമാറുന്നതിനും സംവിധാനം ഒരുക്കും. എല്ലാ സ്‌കൂളുകളിലും രണ്ട് യൂണിറ്റ് റിംഗ് കമ്പോസ്റ്റ് നല്‍കുന്നതിന് പഞ്ചായത്ത് പദ്ധതി വിഹിതം നീക്കിവച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായും സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതല്ല. പ്ലാസ്റ്റിക് ഒരു കാരണവശാലും സ്‌കൂള്‍ പരിസരത്തുവച്ച് കത്തിക്കുകയില്ല. മലിനജലം സ്‌കൂളുകള്‍ പരിസരത്ത് നിന്ന് പുറത്തേക്ക് ഒഴുക്കി വിടരുത്.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മിഠായി കൊണ്ടുവരുന്നത് ഒഴിവാക്കും. ഇതിനായി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തും. ശുചിത്വ അവബോധത്തിന്റെയും ശുചിത്വ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കുട്ടികള്‍ക്കായി ‘അമ്മയോട് പറയാം ‘ പദ്ധതി നടപ്പിലാക്കും. എല്ലാ സ്‌കൂളുകളിലും ശുചിത്വം , മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് ഒരു അധ്യാപകന് ചുമതല നല്‍കും , ക്ലാസുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ശുചിത്വ അംബാസിഡര്‍മാരെ തെരഞ്ഞടുക്കും. ഏറ്റവും നല്ല ശുചിത്വ നിലവാരം കാത്തുസൂക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കും.
ചടങ്ങില്‍ വച്ച് പഞ്ചായത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ വിഷന്‍ 2030 സംബന്ധിച്ച് കരട് അവതരണം നടത്തി.യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പദ്ധതി സിജി കോര്‍ഡിനേറ്റര്‍ അനസ് ബിച്ചു ,അബ്ദുല്‍ ഹക്കീം എന്നിവര്‍ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് , മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍, കണേക്കല്‍ അബ്ബാസ് , മസ്ബൂബ അസീദ്, സുനിത എടവത്ത്കണ്ടി , നിഷാ മനോജ്, റോഷ്‌ന പിലാക്കാട്ട് ,സുമയ്യ പാട്ടത്തില്‍, സി.റ്റി.കെ സമീറ, വി.അബ്ദുല്‍ ജലീല്‍, കുഞ്ഞിരാമന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, എന്നിവര്‍ സംസാരിച്ചു.