കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശമന്ത്രിയും ഗോട്ടബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയില്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് മുന്നിലെ ക്യാംപുകളില്‍ സൈനിക നടപടികള്‍ ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയോടെയായിരുന്നു സൈനിക നടപടി. പ്രസിഡന്റ് ഓഫിസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് നിര്‍ദേശം.