തൈറോയ്ഡ് ഗ്രന്ഥി: അസുഖങ്ങളും ചികിത്സയും

തൈറോയ്ഡ് ഗ്രന്ഥി: അസുഖങ്ങളും ചികിത്സയും

ഡോ.ഒ.എസ് രാജേന്ദ്രന്‍ (ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ്) Mob: 9847001188

കഴുത്തിന്റെ മുന്‍വശത്ത് ഒരു ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്.
ശരീരത്തിലെ ത്വക്ക്, മുടി തുടങ്ങി എല്ലാ ആന്തരിക അവയവങ്ങളുടേയും ഊര്‍ജത്തിന്റെ സ്രോതസ്സാണ് തൈറോയ്ഡ് ഹോര്‍മോണ്‍. അതുകൊണ്ടു തന്നെ ശരീരത്തിലെ എല്ലാ രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും കൃത്യമായ അളവിലുള്ള തൈറോയ്ഡ് ഹോര്‍മോണിന്റെ ആവശ്യമുണ്ട്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് ശരീരത്തിന് ആവശ്യമായ കൃത്യമായ അളവില്‍ മാത്രം ഈ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നത് നമ്മുടെ തലച്ചോറിനുള്ളിലെ ഹൈപ്പോ തലമാസിന്റേയും പിറ്റിയൂറ്ററി  ഗ്രന്ഥിയുടേയും തൈറോയ്ഡ് ഗ്രന്ഥിയുടേയും കൃത്യമായ പ്രവര്‍ത്തനം മൂലമാണ്. (Hypothalamopitutory Thyroid Axis).

അതുകൊണ്ടു തന്നെ ഈ മൂന്ന് ഗ്രന്ഥികളില്‍ ഏതെങ്കിലും ഒരു ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഭംഗം വന്നാല്‍ ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളുണ്ടാകുകയും അതിനോടനുബന്ധിച്ച് അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഗര്‍ഭസ്ഥ ശിശുക്കളില്‍ തുടങ്ങി വയോധികരില്‍ വരെ അസുഖങ്ങള്‍ ഉണ്ടാക്കുന്നു.
തൈറോയ്ഡ് ഹോര്‍മോണിനോടനുബന്ധിച്ച അസുഖങ്ങള്‍ പ്രധാനമായും രണ്ടുവിധമാണ്. ഒന്ന്, ഈ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആവശ്യത്തില്‍ കൂടുതലായാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്നും കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡിസം എന്നും പറയും. ഹൈപ്പോ തൈറോയ്ഡിസം ഈ ഗ്രന്ഥിയുടെ വീക്കങ്ങളോ, മുഴകളോ കൊണ്ടുണ്ടാകുന്ന അസുഖങ്ങളാണ്.

ഹൈപ്പോതൈറോയ്ഡിസം

ഓരോ വര്‍ഷവും ഒരു കോടിയിലധികം ജനങ്ങളില്‍ ഈ അസുഖം പുതുതായി കണ്ടുവരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ അസുഖം നേരത്തെ തന്നെ കണ്ടുപിടിക്കാതിരുന്നാല്‍ കാലക്രമേണ ഇതിന്റെ മാരക അവസ്ഥയായ Myxedema coma തുടങ്ങി ജീവാപായം വരെ സംഭവിക്കാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങള്‍ വിശപ്പ് കുറവും ക്ഷീണവും ഒപ്പം ശരീരത്തിന്റെ ഭാരം കൂടുകയും ചെയ്യുന്നതാണ്. പലതരം മാനസികപ്രശ്‌നങ്ങള്‍, ഉന്മേഷക്കുറവ്, അലസത, ഉത്കണ്ഠ, മാന്ദ്യം, മലബന്ധം, വരണ്ടചര്‍മ്മം, ആരോഗ്യമില്ലാത്ത എളുപ്പം പൊട്ടിപ്പോകുന്ന മുടികളും അതിനോടനുബന്ധിച്ച് മുടികൊഴിച്ചിലും ഉണ്ടാകുന്നു. ഹൃദയമിടിപ്പ് കുറയുകയും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകുന്നതോടൊപ്പം ഈ ഹോര്‍മോണില്‍നിന്ന് ഉണ്ടാകുന്ന ഊര്‍ജസ്രോതസിന്റെ കുറവ് മൂലം ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കുറവ് സംഭവിക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ കൂടുന്നതിനോടൊപ്പം ഹൃദയാഘാതത്തിനുള്ള സാധ്യതയും കൂടുന്നു.

ഗര്‍ഭധാരണത്തിലെ തടസങ്ങള്‍ ഉണ്ടാക്കുന്നതിനോടൊപ്പം ഗര്‍ഭസ്ഥ ശിശുക്കളിലും നവജാത ശിശുക്കളിലും ഈ ഹോര്‍മോണിന്റെ അഭാവം ശരീരവളര്‍ച്ചക്കുറവിനും ബുദ്ധിമാന്ദ്യത്തിനും വഴിവയ്ക്കുകയും വളര്‍ച്ച മുരടിക്കുന്ന (Cretenism) എന്ന രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികളിലും നവജാതശിശുക്കളിലും ഈ ഹോര്‍മോണിന്റെ അളവ് പരിശോധിക്കേണ്ടതും തക്കതായ ചികിത്സ കൊടുക്കേണ്ടതുമാണ്. ജന്മനാ ഈ ഗ്രന്ഥി ഇല്ലാതെയും സ്ഥാനം തെറ്റി നാവിന്റെ പിറകിലോ (Lingual Thyroid) കഴുത്തിലെ മറ്റു ഭാഗങ്ങളിലോ (Ectopic Tjyroid) വളരുന്നത് വിരളമായി കാണാറുണ്ട്. ഇവരിലും ഈ ഹോര്‍മോണിന്റെ അഭാവം സാധാരണമാണ്.

ഹൈപ്പര്‍തൈറോയ്ഡിസം

ശരീരത്തിലെ ഈ ഹോര്‍മോണ്‍ ആവശ്യത്തില്‍ അധികം ഉണ്ടാകുന്നതോടനുബന്ധിച്ചുണ്ടാകുന്ന അസുഖങ്ങളെയാണ് ഹൈപ്പര്‍തൈറോയ്ഡിസം എന്നു പറയുന്നത്. ഇത് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുംമാരകമായതുമാണ്. ഇവിടെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുകയും അതിനോടനുബന്ധിച്ച് ഹൃദയമിടിപ്പ് കൂടുകയും ക്രമം തെറ്റുകയും ചെയ്യുന്നതിനോടൊപ്പം രക്തസമ്മര്‍ദവും കൂടുന്നു.

ഇതിനാല്‍ ഹൃദയപേശികളില്‍ ബലക്കുറവുണ്ടാവുകയും അതിനോടനുബന്ധിച്ച് ശ്വാസംമുട്ടലും ഹൃദയസ്തംഭനംവരെ ഉണ്ടാകന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ചൂട് സഹിക്കാന്‍ പറ്റാതെ വരികയും അമിതമായി വിയര്‍ക്കുകയും ആര്‍ത്തവക്രമക്കേടുകളും അധികമായിട്ടുള്ള മലശോധനയും ഉണ്ടാകുന്നു. അമിതമായ ഊര്‍ജസ്രോതസ്സുമൂലം ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുകയും അതിനോടനുബന്ധിച്ച് വിശപ്പ് കൂടുകയും ശരീരം ക്ഷീണിക്കുകയും ചെയ്യുന്നു.

ഉന്തിയതും ഭീതിജനകവുമായ കണ്ണുകളും ഈ അസുഖത്തിന്റെ ഒരു ലക്ഷണമാണ്. പല രീതിയിലുള്ള ആവലാതികളും ശ്രദ്ധക്കുറവും മുടികൊഴിച്ചിലും അമിതമായ ദേഷ്യവും ഉറക്കകുറവും കാണപ്പെടുന്നു.ഈ അസുഖവും സാധാരണ രക്തപരിശോധനയിലൂടേയും സ്‌കാനിങ്ങിലൂടേയും കണ്ടുപിടിക്കാവുന്നതും പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്നതുമാണ്.

തൈറോയ്ഡിലെ മുഴകള്‍

വളരെ നിരുപദ്രവകാരികളായ മുഴകള്‍ ( Colloid Goitre ) തുടങ്ങി പലതരത്തിലുള്ള മാരകമായ അര്‍ബുദ രോഗങ്ങള്‍ പോലുള്ള മുഴകളും വീക്കങ്ങളും തൈറോയ്ഡ് ഗ്രന്ഥിയില്‍ വരാം. കഴുത്തില്‍ തൈറോയ്ഡിനോട് ബന്ധപ്പെട്ട മുഴകള്‍ നിസാരമായി കണക്കാക്കരുത്. മുഴകള്‍ വലുതാണോ ചെറുതാണോ എന്നതല്ല, ഏത് തരത്തില്‍ പെട്ടതാണെന്നാണ് പ്രധാനം. മുഴകളുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയിലും മാറ്റങ്ങളുണ്ട്. അതിനാല്‍ തന്നെ തൈറോയ്ഡിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുകയും അതിനനുസൃതമായി നീര് കുത്തിയെടുത്തത് ( FNAC) ടെസ്റ്റ് ചെയ്യുകയും വേണം.

ഈ മുഴകള്‍ക്ക് കാലക്രമേണ മാറ്റം വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്ത് കുഴപ്പമില്ലെന്ന് കണ്ടാല്‍ തന്നെ ആറ് മാസത്തിലൊരിക്കല്‍ വീണ്ടും പരിശോധിക്കേണ്ടതാണ്. രക്തം ടെസ്റ്റ് ചെയ്തതുകൊണ്ട് കഴുത്തിലെ മുഴകളെ കുറിച്ചോ മുഴകള്‍ ടെസ്റ്റ് ചെയ്തതുകൊണ്ട് രക്തത്തിലെ ഹോര്‍മോണിന്റെ അളവോ അറിയാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ രക്തപരിശോധനയുടെ കൂടെ മറ്റ് രണ്ട് ടെസ്റ്റുകള്‍ കൂടി ചെയ്യണം. തൈറോയ്ഡിനോടനുബന്ധിച്ച അസുഖങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിച്ചാല്‍ തൈറോയ്ഡിലെ മുഴകളും അര്‍ബുദങ്ങളും മറ്റ് അസുഖങ്ങളും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതും പൂര്‍ണമായി മാറ്റാവുന്നതുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *