വടകര: നഗരസഭയുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും വികസന അധിക വിഭവസമാഹരണം നടത്തുന്നതിനുമായുള്ള ഗോള്‍ വണ്‍ ക്രോര്‍ പദ്ധതിക്ക് വടകര നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. നൂറു ദിവസത്തിനകം ഒരു കോടി രൂപ തനത് വരുമാനമായി സമാഹരിക്കുന്ന പദ്ധതിയാണ് ഗോള്‍ വണ്‍ ക്രോര്‍ പദ്ധതി. നിലവിലെ തനത് വരുമാനം നഗരസഭയുടെ ചിലവുകള്‍ കഴിഞ്ഞ് അവശേഷിക്കാത്തതിനാല്‍ വികസനത്തിന് നീക്കിവെക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് പരിഗണിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പ്രോപ്പര്‍ട്ടി ടാക്‌സ്, പ്രൊഫഷണല്‍ ടാക്‌സ്, അധികൃത കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണം, ലൈസന്‍സ്, വാടക എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വിഭവസമാഹരണം നടത്തുക.
ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും ലൈസന്‍സിങ് പരിധിയില്‍ കൊണ്ടുവരും. പരിശോധന നടത്തി ലിസ്റ്റ് തയ്യാറാക്കി ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും. കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണത്തിന് പ്രത്യേക പരിഗണന നല്‍കും. കുടിശ്ശിക തുകകള്‍ അദാലത്തുകള്‍ എന്നിവ നടത്തും. നഗരസഭയില്‍ നിന്നും അനുമതികള്‍ ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനവും ഏര്‍പ്പെടുത്തും.