തിരുവനന്തപുരം: ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സില്‍ നടപടി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാരെ സസ്‌പെന്‍ഡ് ചെയ്തു. എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനത്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോരുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്. വിവരങ്ങള്‍ ചോരുന്നതില്‍ പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും സംഭവത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം നടത്തിയതിന് പിന്നില്‍ മുന്‍ എം.എല്‍.എ ശബരീനാഥനാണെന്നുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത്. തുടര്‍ന്ന് പോലിസ് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന വാട്‌സ്ആപ്പ് സന്ദേശം ചോര്‍ന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെ.മുരളീധരന്‍ എം.പിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നേതാക്കളുടെ സസ്‌പെന്‍ഷന്‍.