കോഴിക്കോട്: ഓണകാലത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബോണസും മറ്റു അലവന്‍സുകളും നല്‍കുന്നതുപോലെ റേഷന്‍ വ്യാപാരികള്‍ക്കും ഉത്സവകാല അലവന്‍സ് സര്‍ക്കാരിന് ബാധ്യത വരാതെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലിയും മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഓണക്കാലത്ത് ഏറ്റവുമധികം ജോലിചെയ്യുന്ന റേഷന്‍ വ്യാപാരികള്‍ക്ക്, ഓണ്ക്കിറ്റ് ലഭിക്കുന്ന ഉപഭോക്താക്കളില്‍നിന്ന് 15 രൂപവീതം ഉത്സവകാല സമ്മാനമായി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. കൊവിഡ് കാലത്ത് 11 മാസങ്ങളിലായി നല്‍കിയ കിറ്റിന്റെ ബാധ്യതകളെല്ലാം കൊടുത്തു തീര്‍ത്തെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മാത്രം ഇതുവരെ നല്‍കിയിട്ടില്ല. കിറ്റ് വിതരണത്തിന്റെ മുഴുവന്‍ കമ്മീഷനും രണ്ടുമാസത്തിനകം കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കിറ്റ് കമ്മീഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ നടപടി സ്വീകരണിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.