മാഹി:സമ്പന്നമായ ഒരു ഭാവി ആഗ്രഹിക്കുമ്പോഴും പ്രതിസന്ധികളെ സ്വയം മറികടക്കാനുള്ള ആര്‍ജവം ഉണ്ടാക്കിയെടുത്താലേ ജീവിത വിജയമുണ്ടാകുകയുള്ളൂവെന്ന് പുതുച്ചേരി മുന്‍ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്.
മാഹി കോ- ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടേയും ഖത്തര്‍ പ്രവാസ കൂട്ടായ്മയുടെയും (ക്യു മാസ്സ്) സംയുക്ത ആഭിമുഖ്യത്തില്‍ പള്ളൂര്‍ സഹകരണ കോളജില്‍ സംഘടിപ്പിച്ച ‘പടവുകള്‍’ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനമായ പരിശ്രമങ്ങളും ശുഭാപ്തി വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യപ്രാപ്തി ഉറപ്പാണെന്ന് വത്സരാജ് ഓര്‍മിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ മുഖ്യഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഡോ.സുജിത്രന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. മാഹി മേഖലയില്‍ എ പ്ലസ് നേടി ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ക്യു മാസ് പ്രസിഡന്റ് ഉല്ലാസ് കായക്കണ്ടി, ജനറല്‍ സെക്രട്ടറി അനീസ് ചെട്ട്യാന്‍ കണ്ടി, കോളജ് പ്രസിഡന്റ് സജിത് നാരായണന്‍, പി.സി ദിവാനന്ദന്‍, ടി.എം സുധാകരന്‍ സംസാരിച്ചു.