കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രജി കുര്യന്‍ ഐസക്, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കൊപ്പം കരാര്‍ ജീവനക്കാരായ മൂന്നു പേര്‍ക്കുമാണ് ജാമ്യം കിട്ടിയത്. ഇതില്‍ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുള്ള പ്രജി കുര്യനും എന്‍.ടി.എ നിയോഗിച്ച ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് ഇന്നാണ് അറസ്റ്റിലായത്.
പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന അടിവസ്ത്രമടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്നാണ് പോലിസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എന്‍.ടി.എക്ക് കത്ത് നല്‍കിയ വ്യക്തിയാണ് പ്രജി കുര്യന്‍ ഐസക്. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് പെണ്‍കുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നില്‍ക്കുന്നത് കണ്ടെത്തിയിരുന്നു. കരഞ്ഞുകൊണ്ട് നിന്ന ഒരു വിദ്യാര്‍ഥിനിക്ക് ഷാള്‍ എത്തിച്ച് നല്‍കിയതും പ്രജി തന്നെയാണ്.
അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പോലിസിന് മൊഴി നല്‍കിയിരുന്നു.സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.