തലശ്ശേരിയില്‍ വാഹനങ്ങള്‍ ഇഴയുന്നു

തലശ്ശേരിയില്‍ വാഹനങ്ങള്‍ ഇഴയുന്നു

തലശ്ശേരി: മഴ ശക്തമായതോടെ നഗരപരിധിയിലെ റോഡുകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞു. ഇതോടെ ദേശീയപാതയില്‍ തലശ്ശേരി പാലിശ്ശേരി മുതല്‍ ഐ.എം.എ ഹാള്‍ വരെയും തൊട്ടപ്പുറം ജില്ലാ കോടതി വളവ് മുതല്‍ കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം വരെയുമുള്ള ദൂരം വാഹനങ്ങള്‍ ഇഴഞ്ഞാണ് പോകുന്നത്. വാഹന യാത്രികരുടെ നടുവൊടിയും വിധമാണ് റോഡിന്റെ കിടപ്പ്.
രാജപാതയുടെ ഈ ഭാഗത്ത് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ റോഡിലുള്ള ഒന്നര ഡസനോളം വരുന്ന കുണ്ടുകളും കുഴികളുമാണ് യാത്രാ ദുരിതത്തിനിടയാക്കുന്നത്. കനത്ത മഴയില്‍ പലയിടത്തും ടാറിങ് അടര്‍ന്നാണ് കുഴികള്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് തകര്‍ന്നതറിയാതെ എത്തുന്ന ഇരുചക്രയാത്രികര്‍ കുഴികളില്‍ വീണ് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. റോഡ് തകര്‍ന്ന രണ്ട് ഇടങ്ങളിലും ദേശീയപാതക്ക് മതിയായ വീതിയില്ലാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. റോഡില്‍ ഇരുവശത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തത്സമയം എത്തുന്ന ആംബുലന്‍സുകള്‍ കടന്നു പോവുന്നതും ഏറെ സാഹസപ്പെട്ടാണ്.

വീതി കുറഞ്ഞ പാലിശ്ശേരി ദേശീയപാതയിലെ കണ്ണാശുപത്രിക്കടുത്തുള്ള ഓവുചാല്‍ സ്ലാബും തകര്‍ന്ന് സ്ഥാനം തെറ്റിയ നിലയിലായതിനാല്‍ ഇത് വഴിയുള്ള കാല്‍നട യാത്രയും ദുര്‍ഘടമായിട്ടുണ്ട്. സിവ്യൂ പാര്‍ക്കിന് സമീപം കുടിവെള്ള പൈപ്പിടാനായി റോഡ് കുറുകെ കീറിയിരുന്നു. ഈ ഭാഗം ടാര്‍ ചെയ്തിരുന്നുവെങ്കിലും മഴ വന്നതോടെ ടാറിങ്ങ് അടര്‍ന്നു. ഇവിടെയും കുഴി രൂപപ്പെട്ടിട്ടുണ്ട്.
പഴയ ബസ് സ്റ്റാന്‍ഡില്‍ ടെലഫോണ്‍ ഭവന് മുന്നില്‍ റോഡാകെ തകര്‍ന്നു. ദേശീയപാത നന്നാക്കേണ്ട ചുമതല കേന്ദ്ര ഗതാഗത മന്ത്രാലയത്തിനാണെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തേണ്ടത്. മഴ ശമിച്ചാല്‍ മാത്രമേ കുഴിയടക്കാനാവൂ എന്ന തടസ്സം ഉദ്യോഗസ്ഥരെ അലട്ടുകയാണ്. സ്വതവേ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കുഴികളിലൂടെ വാഹനങ്ങള്‍ ഇഴയുകയാണിപ്പോള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *