ന്യൂഡല്‍ഹി: ദ്രൗപദി മുര്‍മു, യശ്വന്ത് സിന്‍ഹ ഇവരില്‍ ആരാണ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി എന്ന് ഇന്നറിയാം. രാവിലെ 11 മണി മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വൈകുന്നേരം നാല് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദി ഫലപ്രഖ്യാപനം നടത്തും.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സരിച്ചിരുന്നത്. ആകെ 4025 എം.എല്‍.എമാര്‍ക്കും 771 എം.പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര് വോട്ട് ചെയ്തു. കേരളം ഉള്‍പ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം.എല്‍.എമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 18നായിരുന്നു തിരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക.
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.