വിമാനത്തിലെ പ്രതിഷേധം: ഇ.പിക്കെതിരേ കേസെടുക്കാന്‍ കോടതി

വിമാനത്തിലെ പ്രതിഷേധം: ഇ.പിക്കെതിരേ കേസെടുക്കാന്‍ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരേ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ .പി ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനല്‍ ഗൂഡാലോചനക്കും കേസെടുക്കണമെന്ന് കോടതി ഉത്തരവ്. വലിയതുറ പോലിസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.

ഇ.പി ജയരാജന് എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രതികളായ ഫര്‍സീന്‍ മജീദ് ആര്‍.കെ നവീന്‍കുമാര്‍ എന്നിവരാണ് ഹരജി നല്‍കിയത്. അതേസമയം ഇ.പി ജയരാജനെതിരേ കേസ് എടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വിമാനത്തില്‍ കയറിയത്. പ്രതിഷേധക്കാരെ തടഞ്ഞ് മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുകയാണ് ഇ.പി ജയരാജനും ഗണ്‍മാനും ചെയ്തത്. ഇവരുടെ അവസരോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.പി ജയരാജന് എതിരെ കേസെടുക്കണമെന്ന് വി.ഡി സതീശന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *