തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മുസ്‌ലിം സമുദായ നേതാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യതീരുമാനമല്ല. ഐ.യു.എം.എല്ലിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത് നിലവിലെ ജോലിക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നും പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. പിന്നീട് ലീഗ് ഇത് ഉന്നയിക്കുകയും പൊതുപ്രശ്‌നമായി വരുകയും ചെയ്തു. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശുപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗും സമസ്തയും വിവിധ മുസ്‌ലിം സംഘടന നേതാക്കളും അറിയിച്ചു.