നാദാപുരം: നാദാപുരം ടൗണില്‍ മണിയറ ഫര്‍ണിച്ചറിനു സമീപമുള്ള, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് കെട്ടിട ഉടമകള്‍ക്കെതിരേ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെട്ടിടത്തിലെ ഡ്രൈനേജ് സംവിധാനം തടസപ്പെട്ടതിനെ തുടര്‍ന്ന് മലിനജലം പുറത്തേക്ക് ഒഴുകിയത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി ലഭിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥല പരിശോധന നടത്തുകയും കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. താമസത്തിന് അനുമതിയില്ലാത്ത വാണിജ്യ കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുള്ളത്. 48 മണിക്കൂറിനകം മാലിന്യ പ്രശ്‌നം പരിഹരിക്കാനും ഏഴു ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കാനും നോട്ടീസ് നല്‍കി.
മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സമീപത്തെ കാറ്ററിങ് സ്ഥാപനത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. പഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളിലും രണ്ടാഴ്ച്ചക്കകം പരിശോധന നടത്തുമെന്നും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.