കോഴിക്കോട്: മന്തരത്തൂര്‍ യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് നിര്‍വ്വഹിച്ചു. സ്‌കൂളിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനാവശ്യമായ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം.കവിതാലാപനം, പ്രസംഗം, രചന, പാട്ട്, ചിത്രരചന തുടങ്ങിയ കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദി അവസരം നല്‍കി വരുന്നു. ക്ലാസ്‌റൂം തലത്തില്‍ ആഴ്ചയിലൊരിക്കല്‍ നടത്തി വരുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് മാസത്തിലൊരിക്കല്‍ നടക്കുന്ന സ്‌കൂള്‍തല മത്സരത്തില്‍ പങ്കെടുക്കാം. മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രോത്സാഹിപ്പിക്കുന്നു.ചടങ്ങില്‍ പ്രതിമാസ പത്രത്തിന്റെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ സീന രമേശ് പത്രം ഏറ്റുവാങ്ങി. വേദിയുടെ ഭാഗമായി സ്‌കൂളില്‍ ആരംഭിച്ച അമ്മമാര്‍ക്കുള്ള ലൈബ്രറിയുടെ ഉദ്ഘാടനവും വേദിയില്‍ നടന്നു. ആഴ്ചയിലൊരിക്കല്‍ അമ്മമാര്‍ക്ക് ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുക്കാം. വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ എം.സി ഉനൈസ്, രാമദാസന്‍ മണലേറി തുടങ്ങിയവര്‍ പങ്കെടുത്തു.