സുഗമമായ ഭക്ഷണം കഴിക്കലിന് നമ്മുടെ ചുണ്ടുകള്‍ മുതല്‍ ആമാശയം വരെയുള്ള ഭാഗങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഈ ഭാഗങ്ങളില്‍ എവിടെ അസുഖം വന്നാലും അത് ഭക്ഷണം വിഴുങ്ങി ആമാശയത്തില്‍ എത്തുന്നത് വരെയുള്ള പ്രക്രിയക്ക് തടസമുണ്ടാക്കുന്നു. ഇതില്‍ ഭൂരിഭാഗവും അന്നനാളത്തിനും മുകള്‍ ഭാഗത്തിനും തൊണ്ടയുടെ പിന്‍ഭാഗത്തിനുമിടയിലുള്ള അസുഖങ്ങളാണ്. സാധാരണ നിലയ്ക്കുള്ള നീര്‍ക്കെട്ടുമുതല്‍ പല മാരകമായ അസുഖങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം.ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന തൊണ്ടയിലെ തടസമല്ലെങ്കില്‍ Laryngo Pharyngeal Reflux (പുളിച്ചു തികട്ടലും അതിനോടനുബന്ധിച്ചുള്ള അസുഖങ്ങളും) ആണ്. ഈ അസുഖം LPRD എന്നാണ് സാധാരണ അറിയപ്പെടുന്നത്. ഇത് ചെറിയ കുട്ടികളില്‍ മുതല്‍ പ്രായം ചെന്നവരില്‍ വരെ വളരെ സാധാരണയായി കാണപ്പെടുന്നു. തക്കസമയത്ത് രോഗനിര്‍ണയും നടത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ പലവിധത്തിലുള്ള മാരകമായ അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്ന ഒന്നുമാണ്.
ഈ അസുഖത്തിന്റെ കാരണം ആമാശയത്തിലുള്ള ആസിഡ്, ഭക്ഷണപദാര്‍ഥങ്ങള്‍, പിത്തരസം തുടങ്ങിയവ മേല്‍പ്പോട്ട് തികട്ടുകയും സ്വനപേടകത്തിലും മൂക്കിന്റെ പിന്‍ഭാഗത്തെത്തുകയും ചെയ്യുന്നതുമൂലം അവിടെയുള്ള മൃദുലമായ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതുമാണ്. അന്നനാളത്തിന്റെ മുകളിലും അടിയിലുമായി രണ്ടു വൃത്താകൃതിയിലുള്ള പേശികളുമുണ്ട്. ഭക്ഷണം വായില്‍നിന്ന് അന്നനാളത്തിലേക്ക് പോകുന്നതിനു വേണ്ടി മാത്രം തുറക്കാനും അല്ലാത്ത സമയത്ത് അടഞ്ഞ്കിടന്ന് ആമാശയത്തിലെ ആസിഡ് തുടങ്ങിയവടെ മുകളിലോട്ട് പോകാതിരിക്കാനുംവേണ്ടി ക്രമീകരിച്ചിരിക്കുന്നു. പല കാരണങ്ങളാല്‍ ഈ പേശികളുടെ ശക്തി കുറയുകയും പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അസുഖമുണ്ടാവുന്നത്.
ഈ അസുഖം നേരത്തെതന്നെ കണ്ടു പിടിക്കുകയാണെങ്കില്‍ ജീവിതശൈലിമാറ്റം കൊണ്ടും മരുന്നുകള്‍കൊണ്ടും വളരെ ഫലപ്രദമായി മാറ്റിയെടുക്കാവുന്നതാണ്. ഈ അസുഖമുള്ളവര്‍ ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. മദ്യം പൂര്‍ണമായും ഒഴിവാക്കുന്നതാാണ് നല്ലത്. വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതും സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. പിന്നെ ഓരോ രോഗിക്കും ഏതു ഭക്ഷണം കഴിച്ചാലാണ് തൊണ്ടയിലെ ഈ തടസവും ചുമയും കൂടുന്നതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ആ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ഉചിതമാണ്. കാപ്പി, ഗ്യാസ് നിറച്ചിട്ടുള്ള പാനീയങ്ങള്‍, ചോക്കലേറ്റ്, അമിത മധുരം, ബേക്കറി പലഹാരങ്ങള്‍, തക്കാളി, നാരങ്ങ വര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗവും, എണ്ണ, കൊഴുപ്പുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍, പുകവലി, അമിതഭാരം എന്നിവയും ഇതിനു കാരണമാകുന്നു. ഗര്‍ഭിണികളില്‍ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു.
കുട്ടികളില്‍ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ വിട്ടുമാറാത്ത ചുമ, വിട്ടുവിട്ടുള്ള ശബ്ദവ്യതിയാനം, ശബ്ദ്‌ത്തോടു കൂടിയുള്ള ശ്വാസംവലി, ആസ്തമ, കൂര്‍ക്കംവലി, ആയാസകരമായ ഉറക്കം, തരുപ്പില്‍ പോകലും ശ്വാസതടസവും തുടങ്ങി വളര്‍ച്ചക്കുറവും കാണപ്പെടുന്നു. കുട്ടികളിലെ വലിവ് രോഗത്തിനുള്ള ഒരു പ്രധാനകാരണവും ഇതാണ്.
മുതിര്‍ന്നവരില്‍ വരണ്ട അനിയന്ത്രിതമായ ചുമ, വിട്ടുവിട്ടുള്ള ശബ്ദവ്യതിയാനം, ഇടക്കിടെയുള്ള തൊണ്ടകാറല്‍, തൊണ്ടയില്‍ തടസം, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികളിലായലും മുതിര്‍ന്നവരിലായാലും ഇതിന്റെ പ്രധാനകാരണം തെറ്റായ ജീവിത ശൈലിയും ഭക്ഷണക്രമവുമാണ്. ഈ അസുഖം വളരെ ലളിതമായ ചില പരിശോധനകളിലൂടെ കണ്ടുപിടിക്കാവുന്നതാണ്. ആദ്യമായി Video Laryngoscopy Test, ചിലപ്പോള്‍ Upper GI Endoscopy എന്ന ടെസ്റ്റും ആവശ്യമായി വന്നേക്കാം. പിന്നീടുള്ള ടെസ്റ്റുകള്‍ അസുഖത്തിറെ സ്വഭാവവും സ്റ്റേജും അനുസരിച്ചായിരിക്കും. അതിനാല്‍ മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെതന്നെ വിദഗ്ധ ഡോക്ടറെ കണ്ട് പ്രാഥമിക പരിശോധനയായ Video Laryngoscopy എന്ന ടെസ്റ്റ് ചെയ്യുകയും കൃത്യമായ ചികിത്സ തുടങ്ങുകയും ചെയ്യണം.