കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കോഴിക്കോട് അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുടെയും (ആത്മ ) സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടി (സമേതി, തിരുവനന്തപുരം ) ന്റേയും ആഭിമുഖ്യത്തില്‍ പ്രകൃതി കൃഷിയെ കുറിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ബോധവല്‍ക്കരണ പരിപാടി ഓണ്‍ലൈനായി നടത്തി. രണ്ട് ബാച്ചുകളായിട്ടാണ് ഓണ്‍ലൈന്‍ ക്ലാസ് നടത്തിയത്.
കോഴിക്കോട്, കുന്നുമ്മല്‍, കൊയിലാണ്ടി, പേരാമ്പ്ര, കൊടുവള്ളി, തൂണേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള ട്രെയിനിങ് രാവിലെയും കാക്കൂര്‍, കുന്നമംഗലം, തോടന്നൂര്‍, തിക്കോടി, ബാലുശ്ശേരി, വടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള ക്ലാസ് ഉച്ചക്കു ശേഷവുമായാണ് നടത്തിയത്. രാവിലെ നടന്ന ട്രെയിനിങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് റഫീഖ്. സി നിര്‍വഹിച്ചു. ഉച്ചക്കു ശേഷം നടന്ന ട്രെയിനിങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ആര്‍ മായ നിര്‍വഹിച്ചു.
പ്രകൃതി കൃഷി തത്വങ്ങളും ആവശ്യകതകളും എന്ന വിഷയത്തെക്കുറിച്ച് തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ രാജേഷ് കൃഷ്ണനും പ്രകൃതി കൃഷി രീതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് പത്തനംതിട്ട കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ (മാര്‍ക്കറ്റിങ് ) മാത്യു എബ്രഹാമും ക്ലാസെടുത്തു. പ്രകൃതി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരായ വെള്ളന്നൂര്‍ തോക്ക മണ്ണില്‍ ബാലകൃഷ്ണന്‍.ടി, വേങ്ങേരി നിറവ് പ്രദീപ് കുമാര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ട്രെയിനിങ് പരിപാടിയില്‍ കോഴിക്കോട് ആത്മ പ്രോജക്ട് ഡയരക്ടര്‍ അനിതാ.പി സ്വാഗതവും ആത്മ ഡെപ്യൂട്ടി ഡയരക്ടര്‍ (ഇന്‍ചാര്‍ജ് ) നിഷ പി.ടി നന്ദിയും പറഞ്ഞു.