കിട്ടാത്ത മുന്തിരി പുളിക്കും. ഭാഷയില്‍ അങ്ങിനെ ഒരുപ്രയോഗം വന്നത് ഈസോപ്പ് കഥയിലെ കുറുക്കനും മുന്തിരിയും കഥയില്‍ നിന്നാവാം. ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായിരുന്നു ആദം. ദൈവം സൃഷ്ടിച്ച ആദ്യത്തെ സ്ത്രീയും രണ്ടാമത്തെ മനുഷ്യസൃഷ്ടിയുമാണ് ഹവ്വ. ജൂതമതത്തിലേയും ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും സുപ്രധാന കഥാപാത്രമായ ആദാമും ഹവ്വയും ജീവിച്ചതാവട്ടെ ഏദന്‍ തോട്ടത്തിലെ മുന്തിരിത്തോപ്പില്‍. മുന്തിരി എന്ന പഴം അനാദികാലങ്ങളിലെ ശ്രദ്ധേയമായിരുന്നുവന്നു വേണം കരുതാന്‍.കാനായിലെ കല്യാണത്തിന് യേശുക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിയ കഥയും കാലം കൈമാറുന്നു. വിശ്വത്തര പ്രസിദ്ധനായ പേര്‍ഷ്യന്‍കവിയും ജ്യോതിശാസ്ത്രജ്ഞനുമായ ഉമര്‍ഖയ്യാമിനെ കാലഘട്ടങ്ങള്‍ക്കിപ്പുറവും ആധുനികസമൂഹം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ ‘റുബായിയെത്ത്’ എന്ന നാലുവരി കവിതയിലൂടെ. ഈ കവിതയുടെ കാവ്യലാവണ്യം നുരഞ്ഞു പതഞ്ഞൊഴുകുന്ന മുന്തിരി വീഞ്ഞിന് സമമാണെന്ന് ആസ്വാദകര്‍. വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ട റുബായിയെത്തിലും മുന്തിരിച്ചഷകവും പൂമരത്തണലും പൂനിലാവും പ്രണയിനിയും വീണയും നിറഞ്ഞുനില്‍ക്കുന്നു . മുന്തിരിയെക്കുറിച്ച് പാടാത്ത കവികളില്ല. മുറ്റം നിറയെ മുന്തിരിവള്ളി പടര്‍ത്തി, പവിഴമുന്തിരി പൂത്ത് വിടര്‍ന്നു എന്നനിലയില്‍ മുന്തിരിച്ചാറുപോലുള്ള ജീവിതം ആസ്വദിക്കുന്നവരായിരുന്നു പലരും.മുന്തിരിയോളം തന്നെ കാഴ്ചയില്‍ ആകര്‍ഷണീയതയും രൂപസാദൃശ്യവുമുള്ള മറ്റൊരു മുന്തിരിയുണ്ട് പലര്‍ക്കുമറിയാത്തചമ്പ്രവല്ലി എന്ന കാട്ടുമുന്തിരി. സംസ്‌കൃതത്തില്‍ അമ്ലവേദസം എന്നാണിതിന്റെ പേര് .
Ampelocissus latifolia എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഈ മുന്തിരിവള്ളിച്ചെടിക്ക് വള്ളിമാങ്ങ , ചെറുവള്ളിക്കായ, കുളമാങ്ങ, കരണ്ടവള്ളി, വലിയപീരപ്പെട്ടിക്ക എന്നിങ്ങനെ പലയിടങ്ങളില്‍ പല പേരുകളാണ്.പശ്ചിമഘട്ട വനനിരകളിലും പ്രത്യേകം ചില സംരക്ഷിത ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളിലും കണ്ടുവരുന്ന വള്ളി മാങ്ങയുടെ ചെടി പണ്ടുകാലങ്ങളില്‍ നമ്മുടെ നാട്ടുമ്പുറങ്ങളില്‍വരെ സുലഭമായിരുന്നുവെന്ന് ചില പഴമക്കാര്‍ ഓര്‍മിക്കുന്നു. ഈ ചെടി ഈര്‍പ്പം കൂടുതലുള്ള മണ്ണിലാണ് നന്നായി തഴച്ചുവളരുക.ചെറിയ കൈത്തോടുകളുടെ അരികുകളിലും അരുവിയുടെ തീരപ്രദേശങ്ങളിലുമെല്ലാം ഈ ചെടി സമൃദ്ധിയായി വളര്‍ന്നിരുന്നു. സാമാന്യം ഉയരമുള്ള വുക്ഷശിഖരങ്ങളില്‍ ചുറ്റിപ്പടര്‍ന്നുകയറുന്ന കാട്ടുവള്ളിയായ വള്ളിമാങ്ങയുടെ ഇലകളുടെ അടിവശം കാഴ്ച്ചയില്‍ വെള്ളിപൂശിയ പോലെതോന്നും . മഴക്കാലം തുടങ്ങുന്നതിന് മുന്‍പേ പൂക്കള്‍ വിരിയും. പൂക്കള്‍ക്ക് തവിട്ട് കലര്‍ന്ന ചുവപ്പുനിറം .
മെയ് ജൂണ്‍ മാസമാവുന്നതോടെ കാട്ടുമുന്തിരി വിളഞ്ഞുപാകമാവും. ഓരോ കായകളിലും രണ്ടോ നാലോ കുരുക്കള്‍ കാണും. വിളഞ്ഞു പാകമാകാത്ത കായകള്‍ക്ക് നേരിയ പുളിപ്പ് രസവും ചെറിയതോതിലുള്ള ചൊറിച്ചലുമുണ്ടാകും. ഒരുകുലയില്‍ മിക്കവാറും ഒരു കിലോ തൂക്കത്തില്‍ വരെ മുന്തിരിക്കായകള്‍ കണ്ടുവരുന്നു. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന മുന്തിരിയും വള്ളിമാങ്ങയും നിറത്തിലും ഘടനയിലും കാഴ്ചയിലുമെല്ലാം ഒരുപോലെയാണ്. ആദിവാസിഗോത്രസമൂഹം വനാന്തര്‍ ഭാഗത്ത് നിന്ന് ശേഖരിക്കുന്ന പഥ്യാഹാരങ്ങളില്‍ വള്ളി മാങ്ങയും ഏറെ പിന്നിലല്ല. സന്ധിവേദന, അസ്ഥിവേദന, വയറുവേദന, ന്യുമോണിയ തുടങ്ങിയ ചില രോഗങ്ങള്‍ക്ക് ആദിവാസിവൈദ്യന്മാര്‍ പണ്ട് മുതല്‍ക്കേ ഈ ചെടിയുടെ തണ്ടും വേരും മറ്റും ഒറ്റമൂലിയായി ഉപയോഗിച്ചുവരുന്നതായും അറിയുന്നു. കാസര്‍കോടിനടുത്ത് കാഞ്ഞങ്ങാട്ടെ വേലുമട മലയില്‍ വള്ളിമാങ്ങ ചെടി സമൃദ്ധിയായി വളരുന്നുണ്ട്.അതുപോലെ നിലമ്പൂര്‍ ഭാഗത്തെ നെടുങ്കയം കാടുകളിലും കാലാകാലമായി ഈ ചെടി വളരുന്നതുകൊണ്ടുതന്നെയാവാം മലപ്പുറം ഭാഗത്തുള്ള പലകുടുംബങ്ങളും വള്ളിമങ്ങ മൂത്തുപഴുക്കുന്നതിനു മുന്‍പേ പറിച്ചെടുത്ത് അച്ചാറിട്ട് സൂക്ഷിച്ചുവെയ്ക്കുന്നത്. ഈ ചെടി നിലവിലുള്ള ഒട്ടുമുക്കാല്‍ പ്രദേശങ്ങളിലുള്ളവരും നേരിയ പുളിരസമുള്ള കായകള്‍ അച്ചാറിടാനും ഉപ്പിലിടാനും പതിവായി ഉപയോഗിച്ചുവരുന്നു. നല്ലരുചിക്കൂട്ടാണിതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .
കേരളത്തിന്റെ വേറിട്ട ജൈവവ വൈവിദ്ധ്യ സമ്പുഷ്ടതയുടെ അടയാളം കൂടിയായ ഈ അത്യപൂര്‍വ്വ വള്ളിച്ചെടി കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി സ്വദേശി ഷിംജിത്ത് എന്ന ജൈവകര്‍ഷക സുഹൃത്തിലൂടെയാണ് ഞാന്‍ ഈ അടുത്തകാലത്ത് കാണുന്നതും ആദ്യമായി പരിചയപ്പെടുന്നതും. വിസ്മയകരം എന്നെ പറയാനാവൂ. ആരെയും കൊതിപ്പിക്കുന്നതാണിതിന്റെ ഇടതൂര്‍ന്ന മുന്തിരിക്കുലകള്‍.ഷിംജിത്ത് തില്ലങ്കേരിയൂമായുള്ള കൂടിക്കാഴ്ച്ചയില്‍ കിട്ടിയ മുഖ്യമായ ചില അറിവുകള്‍കൂടി പങ്കുവെയ്ക്കുന്നു. വള്ളിമാങ്ങ ചെടി നട്ടുകഴിഞ്ഞാല്‍ ഇരുപതുവര്‍ഷത്തോളമെത്തും ആദ്യമായി കായകള്‍ ഉണ്ടാകാന്‍, മറ്റൊന്ന് ഈ ചെടിയുടെ തടിച്ച തണ്ടുകള്‍ നാലായി പിളര്‍ന്ന് ചതച്ചെടുത്ത നാരുകള്‍ ഉപയോഗിച്ച് പിരിച്ചുണ്ടാക്കുന്ന വണ്ണത്തിലുള്ള കമ്പക്കയറുകള്‍ അഥവാ വടം ഉപയോഗിച്ചാണ് ആനകളെക്കൊണ്ട് കൂപ്പില്‍ നിന്നും മരം കടിച്ചു വലിപ്പിക്കാറുള്ളത്. ആനയുടെ പല്ലിന് അശേഷം ക്ഷതമേല്‍ക്കാറില്ലെന്നുമാത്രമല്ല മറ്റുകയറുകളെക്കാള്‍ ദൃഢതയും ദീര്‍ഘകാല ഉപയോഗവും സാധ്യമാവുന്നത് വള്ളിമാങ്ങയുടെ തണ്ടുകൊണ്ടുണ്ടാക്കുന്ന കയറുകള്‍ക്കാണെന്നുമറിയുന്നു . വള്ളിമാങ്ങയുടേതടക്കം അത്യപൂര്‍വ്വങ്ങളായ നിരവധി ഔഷധസസ്യങ്ങളുടെ സംരക്ഷനും വിതരണക്കാരനുമാണ് തില്ലങ്കേരിയിലെ ഷിംജിത് എന്ന നാട്ടുമ്പുറത്തുകാരനായ കാര്‍ഷകമിത്രം ചെറുപ്പക്കാരന്‍. വള്ളിമാങ്ങയുടെ തൈകളും വിത്തുകളും ആവശ്യമുള്ളവര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9447361535.