കോഴിക്കോട്: മണിയൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ കദളീവനം പദ്ധതിക്ക് തുടക്കം. സ്‌കൂളിലെ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ഒരു കുട്ടിക്ക് ഒരു വാഴ’ പദ്ധതി ഇതിനകം എല്ലാവരും ഏറ്റെടുത്തു.61 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഓരോ കുട്ടിയും ഓരോ കദളിവാഴത്തൈ വീതം നട്ടുകൊണ്ടാണ് കദളീവനം ഒരുക്കുന്നത്. ഒപ്പം ഏഴ് അധ്യാപകരും ചേര്‍ന്ന് 68 വാഴകളാണ് നടുന്നത്. സ്‌കൂളിനടുത്തായി സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള എട്ടു സെന്റ് പറമ്പിലാണ് കുട്ടികള്‍ കദളീവനം നിര്‍മിക്കുന്നത്. കദളിവാഴ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂളിലെ അധ്യാപകരും മുന്നിലുണ്ട്. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുക, കൃഷിരീതികളെക്കുറിച്ചു കുട്ടികളില്‍ ധാരണയുണ്ടാക്കുക, പ്രകൃതിയുമായി കുട്ടികള്‍ക്ക് അടുപ്പം സൃഷ്ടിക്കുക തുടങ്ങി ഒത്തിരി ലക്ഷ്യങ്ങളുണ്ട് കദളീവനം പദ്ധതിക്ക്.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് വാഴക്കന്ന് നട്ടു കദളീവന നിര്‍മാണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തംഗം ടി. ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രേഷ്മ നീലിമ, പി.ടി.എ പ്രസിഡന്റ് പി.പി. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.