ആരോഗ്യ മേഖലയില്‍ അഭിമാനകരമായ മാതൃക സൃഷ്ടിച്ച കേരളം അനുദിനം പിന്നോട്ട് പോവുകയാണ്. കൊവിഡ് മഹാമാരിക്കാലത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയും ലോകാരോഗ്യ സംഘടനയുടെ പോലും പരാമര്‍ശം ഏറ്റുവാങ്ങുകയുണ്ടായി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഇവിടെയായിരുന്നു. രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇവിടെത്തന്നെ. ഇപ്പോള്‍ വാനര വസൂരി കണ്ടെത്തിയതും കേരളത്തിലാണ്.നിപ്പാ രോഗം കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്രയുടെ അന്നത്തെ അവസ്ഥ നന്നായിയറിയാം. സ്ഥലം എം.പി എന്ന നിലയില്‍ ആദ്യം ഓടിയെത്തിയതും രോഗം മാറുന്നത് വരെ ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോടൊപ്പം കഴിഞ്ഞതും ഓര്‍ക്കുന്നു. രോഗം അവസാനിക്കും വരെ, ചുമതലയുണ്ടായിരുന്ന മൂന്നു മന്ത്രിമാരും പേരാമ്പ്രയിലെത്തിയില്ല. വീഴ്ച അന്നു തന്നെ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് താണ്ഡവമാടിയപ്പോഴും അത് കൃത്യമായി ചൂണ്ടിക്കാട്ടിയെന്ന ചാരിതാര്‍ത്ഥ്യമുണ്ട്. പി.ആര്‍ ഏജന്‍സികളുടെ പിന്‍ബലത്തില്‍, കോടികള്‍ വാരിയെറിഞ്ഞ് , പൊളളയായ ബഹുമതിയും അംഗീകാരവും വിലയ്ക്കു വാങ്ങാന്‍ നടത്തിയ വിഫല ശ്രമവും വൈകിയെങ്കിലും കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.
ഒടുവില്‍ കൊവിഡ് കാലത്ത് 1600 കോടി രൂപയുടെ വമ്പിച്ച അഴിമതി നടന്നുവെന്ന് രേഖകളുടെ പിന്‍ബലത്തില്‍ പ്രാമാണിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളം ഞെട്ടിത്തരിക്കുകയായിരുന്നു. ഈ നിമിഷം വരെ മടിയില്‍ കനമില്ലെന്ന് ആത്മാലാപം നടത്തുന്ന മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചോ? മുന്‍ ആരോഗ്യ മന്ത്രി, താനല്ല, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എല്ലാ ഇടപാടുകളുംനടന്നതെന്ന് ഉറപ്പിച്ചു പറയുന്നു. നിരാലംബരായ ലക്ഷക്കണക്കിന് രോഗികളുടെ പേരിലാണ് ഈ കൊള്ളയത്രയും നടത്തിയിട്ടുള്ളത്. ഈ കൊള്ള അന്വേഷിക്കപ്പെടാതെ പോയാല്‍ ഇനിയൊരു അഴിമതിയും തെളിയിക്കപ്പെടാന്‍ പോകുന്നില്ല . ഇത് അന്വേഷിക്കപ്പെടണമെന്ന സാമാന്യ ബോധം പോലും നമുക്കാര്‍ക്കും ഇല്ലെന്നതില്‍ തീവ്ര ദുഃഖം തോന്നുന്നു. ആരോഗ്യ രംഗം വല്ലാത്തപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വേണ്ടത്ര മരുന്നും പരിശോധനാ സംവിധാനവുമില്ലാതെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ തീരാ ദുരിതത്തില്‍ ആണ്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ പടി കടക്കാന്‍ കഴിയാത്ത പതിനായിരങ്ങള്‍ എന്തു ചെയ്യും ? മഴയെത്തുടന്ന് കേരളമാകെ പല തരം പനിയും വ്യാപകമായിരിക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ആന്റി ബയോട്ടിക് മരുന്നുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ ക്ഷാമം നേരിടുകയാണ്. ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയതോടെ, ദിവസവും കഴിക്കേണ്ട മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാത്ത ദുഷ്‌ക്കരമായ അവസ്ഥ. ടെണ്ടര്‍ നടപടി വൈകിയതാണത്രെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെങ്കില്‍ അത് കുറ്റകരമായ അനാസ്ഥയാണ്. ആര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ ചുമതല ?. ഈ കപ്പല്‍ ആടിയുലയുന്നുണ്ടല്ലൊ. ഈ വകുപ്പിന് ഒരു കപ്പിത്താന്‍ വേണ്ടേ? ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ മാസങ്ങള്‍ വേണ്ടി വരുമത്രെ.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാര്യക്ഷമതയില്ലായ്മയാണ് ഈ ദുരിതത്തിന്റെ മുഖ്യ കാരണമെങ്കില്‍ ആരാണ് ഇതിന് ഉത്തരം പറയേണ്ടത് ? കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിക്കൂട്ടിയ 235 കോടിയുടെ പരിശോധന യന്ത്രങ്ങള്‍ മിക്കവയും ഉപയോഗ ശൂന്യമായിരിക്കുകയാണെന്ന വാര്‍ത്തയും ഞെട്ടല്‍ ഉളവാക്കുന്നതാണ്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളെജുകള്‍ വരെ അവശ്യ മരുന്നുകള്‍ ലഭ്യമല്ലെന്നറിഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത് ഈയിടെയാണ്. ഇന്നത്തെ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരമുണ്ടാകണം.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടുണ്ടായ ദുരിതത്തിന്ന് പരിഹാരം കണ്ടെത്താനുള്ള ഏത് നടപടിയും കൊവിഡ്കാലത്തെ 1600 കോടിയുടെ കൊള്ളയെ ഓര്‍മ്മിപ്പിക്കും വിധമാകില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജാഗ്രതയുള്ള ഒരു പൊതു സമൂഹത്തിന്റേതാണ്.
വളരെ സത്യസന്ധരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ നിരവധി മാധ്യമ പ്രവര്‍ത്തകന്മാര്‍ നമുക്കുണ്ട്. സ്ഥിരോത്സാഹികളും കഠിനാധ്വാനികളുമായ അവരില്‍ പലരും നിരാശരാണ്. അന്വേഷണം തുടര്‍ന്നു കൊണ്ടുപോകാനും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും കഴിയാത്തതിലുള്ള ദുഃഖം. രാഷ്ട്രീയ പാര്‍ട്ടികളും അഴിമതി തുറന്ന് കാട്ടുന്നതില്‍ കുറച്ചുകൂടി കരുതലും ജാഗ്രതയും സ്വീകരിക്കണം. അഴിമതിക്കു ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലങ്കില്‍ അര്‍ത്ഥ ശൂന്യമായ ശബ്ദകോലാഹലങ്ങളായി അത് മാറും.