മഴക്കെടുതി: ജില്ലയില്‍ രണ്ട് മരണം, 19 വീടുകള്‍ക്ക് ഭാഗികനാശം

മഴക്കെടുതി: ജില്ലയില്‍ രണ്ട് മരണം, 19 വീടുകള്‍ക്ക് ഭാഗികനാശം

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് മരണവും 19 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. ഒളവണ്ണ കൈമ്പാലം ചെറുകല്ലോറ വിമല (70 വയസ്സ്), മുക്കം നെടുമങ്ങാട് പുതിയ തൊടികയില്‍ ഭാസ്‌കരന്‍ (55 വയസ്സ്) എന്നിവരാണ് മരിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) ന്റെ മൃതദേഹമാണ് ചെക്ക് ഡാമിന് 100 മീറ്റര്‍ താഴെ പാറക്കെട്ടിന് ഇടയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ 30.48 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് 11 വില്ലേജുകളിലാണ് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തത്.

നിലിവില്‍ കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴസ് ഗവ. എച്ച്.എസ്.എസിലെ ക്യാമ്പില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന 12 പേരാണുള്ളത്. മാവൂര്‍ കച്ചേരിക്കുന്ന് അങ്കണവാടി ക്യാമ്പില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മൂന്നംഗ കുടുംബവും. ചേവായൂര്‍ വില്ലേജില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം താഴ്ന്നുവെങ്കിലും വാസയോഗ്യമാകാത്തതിനാല്‍ അഞ്ച് കുടുംബങ്ങളും ക്യാമ്പില്‍ തുടരുകയാണ്. 13 കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. എരവട്ടൂര്‍ വില്ലേജില്‍ ജനതാ മുക്കില്‍ കാപ്പുമ്മല്‍ കല്ല്യാണിയുടെ വീടിന്റെ മേല്‍ക്കൂര ശക്തമായ മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ചെറുവണ്ണൂര്‍ എ.എല്‍.പി.എസിന്റെയും ചെറുവണ്ണൂര്‍ ഹൈസ്‌കൂളിന്റെയും ഇടയിലുള്ള മതില്‍ തകര്‍ന്നു വീണു.കൊയിലാണ്ടി താലൂക്കില്‍ ഏഴ് വില്ലേജുകളിലായി 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വടകര താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി നാല് വീടുകള്‍ക്കാണ് ഭാഗികനാശം സംഭവിച്ചത്. താമരശ്ശേരി താലൂക്കില്‍ ഒരു വില്ലേജിലെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് താലൂക്കില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *