കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരാതിയുമായി വിദ്യാര്‍ഥിനികള്‍. ആയൂരിലെ പരീക്ഷ കേന്ദ്രത്തിന് എതിരേയാണ് പരാതികള്‍. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. കൂടാതെ പരീക്ഷ ഹാളില്‍ ആണ്‍കുട്ടികളുമായി മിക്‌സഡ് ആയാണ് പരീക്ഷ എഴുതിച്ചത്. ഇത് പരീക്ഷയില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും നിരവധി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന നടത്തിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി പറഞ്ഞു.
സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍.ടി.എ) വിശദീകരണം. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.