തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയയ്ച്ചു. സംഭവം നാണക്കേടെന്നും ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളാണ് പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ഥിനികള്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരം പ്രവൃത്തികള്‍ വിദ്യാര്‍ഥിനികളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും പരീക്ഷ നടത്തിയ ഏജന്‍സിക്കെതിരേ നടപടി വേണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥിനികളെ അടിവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് ആയൂരിലെ കോളജിനെതിരേ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.