തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് അഴിച്ചുപരിശോധിച്ചത്.
സംഭവത്തില്‍ ജില്ലാ പോലിസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് യുവജന കമ്മീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥിനികളെ അടിവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് ആയൂരിലെ കോളജിനെതിരേ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.